amala-pual

ചെന്നെെ: നടി അമല പോളുമായുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് ഗായകൻ ഭവനീന്ദർ സിംഗിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്കി. അമലാ പോളും ഭവനീന്ദർ സിംഗും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇരുവരും ചേർന്നെടുത്ത ചില ചിത്രങ്ങൾ ഭവനീന്ദർ സിംഗ് പുറത്തുവിട്ടതോടെ ഇവരുടെ വിവാഹം കഴിഞ്ഞെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ചിത്രങ്ങൾ പുറത്തുവിട്ടത് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് കാണിച്ച് അമല നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

അമലയ്‌ക്കൊപ്പം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ ഭവനീന്ദർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി.ഇതോടെ ഭവനീന്ദർ ചിത്രങ്ങൾ നീക്കം ചെയ്‌തുവെങ്കിലും ചിത്രങ്ങൾ
വെെറലായി.

ചിത്രം ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും ഭവനീന്ദർ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ച് അമല കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുനിൽക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവനീന്ദർ പ്രസിദ്ധീകരിക്കരുതെന്നും ഹർജിയിൽ അമല ആവശ്യപ്പെട്ടു. അമലയുടെ ആവശ്യം അംഗീകരിച്ച കോടതി നടിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.