വാഷിംഗ്ടൺ: അമേരിക്കൻ എയർലൈൻ വിമാനത്തിൽ നിന്ന് മുസ്ലിം യുവതിയെ പുറത്താക്കിയതായി റിപ്പോർട്ട്. ആക്ടിവിസ്റ്റും അറിയപ്പെടുന്ന ബ്ലോഗറുമായ അമാനി അൽ ഖതാബെയ്ക്കാണ് ദുരനുഭവമുണ്ടായത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രകരിൽ ഒരാൾ അമാനിയുടെ സാന്നിദ്ധ്യം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുവെന്ന് പറഞ്ഞതിനാണ് പുറത്താക്കിയതെന്നാണ് വിവരം. ന്യൂജഴ്സിയിലാണ് യുവതി താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. തനിക്കെതിരെ വംശീയാധിക്ഷേപമാണ് നടന്നത്. താനാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരനിൽ നിന്നും അധിക്ഷേപം നേരിട്ടത്. എന്നിട്ടും അയാളുടെ വാക്കുകൾ മാത്രമായിരുന്നു അവർ മുഖവിലക്കെടുത്തത്. ഒന്നുകിൽ അയാളെയോ അല്ലെങ്കിൽ രണ്ടുപേരേയും വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അമാനി പറഞ്ഞു. ആറുമണിക്കൂറോളം അമാനി പൊലീസ് കസ്റ്റഡിയിലായിരുന്നു. യാത്ര വൈകിയതിൽ അമാനിക്കെതിരെ അന്വേഷണത്തിന് എയർലൈൻസ് ഉത്തരവിട്ടിട്ടുണ്ട്.