accident

മരിച്ചവരിൽ ആറുകുട്ടികളും

പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നടന്ന കാർ അപകടത്തിൽ ആറു കുട്ടികൾ ഉൾപ്പടെ പതിന്നാലു പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഷേഖ്പൂർ ഗ്രാമത്തിൽനിന്നും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ പ്രയാഗ്‌രാജ്- ലഖ്നൗ ഹൈവേയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിറുത്തിയിട്ട ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ദിനേശ് കുമാർ (40), പവൻകുമാർ (10)​,​ ദയാറാം (40),​ അമൻ (70)​,​ രംസാമുഖ് (40),​ അൻഷ് (9)​,​ ഗൗരവ് കുമാർ (10)​,​ നാൻ ഭയ്യ (55)​,​ സച്ചിൻ (12)​,​ ഹിമാൻഷു (12)​,​ മിഥിലേഷ് കുമാർ( 17),​ അഭിമന്യു (28)​,​ പ്രശാന്ത് (40)​,​ ബബ്ലു (22)​ എന്നിവരാണ് മരിച്ചത്. ബബ്ലുവാണ് വാഹനമോടിച്ചിരുന്നത്. പകുതിയും ട്രക്കിനടിയിലായിരുന്ന കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ടവരെ പൊലീസ് ഉടൻ ആശുപത്രയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡ്രൈവറുടെ ശ്രദ്ധക്കുറവാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം നൽകുമെന്നും യോഗി അറിയിച്ചു.