ജയ്പൂർ: രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിലൂടെ ആരോപിച്ചു.ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ബി.ജെ.പി. ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗെലോട്ടിന്റെ രൂക്ഷ വിമർശനം. ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദിൽ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഗെലോട്ടിനു മറുപടിയായി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യമെന്നാൽ പെൺകുട്ടികൾക്ക് അവരുടെ മതം നിലനിർത്താനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.