covid19

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവി‌ഡാനന്തര ക്ളിനിക്കുകൾ തുറന്നതിന് പിന്നാലെ കൊവിഡ് രോഗം സമൂഹത്തിലുണ്ടാകുന്ന ദീർഘകാല ആഘാതങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി സർക്കാർ കൊവിഡാനന്തര രജിസ്റ്റർ (പോസ്റ്ര് കൊവിഡ് രജിസ്റ്റർ) തയ്യാറാക്കുന്നു. കൊവിഡ് വന്നുപോയതിന് ശേഷമുള്ള അവസ്ഥ മറികടക്കുന്നതിനായി എല്ലാ സർക്കാർ ആശുപത്രികളിലും കൊവിഡാനന്തര ക്ളിനിക്കുകൾ ആരംഭിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

പോസ്റ്ര് കൊവിഡ് രജിസ്റ്റർ

കൊവിഡ് രോഗികൾ, കൊവിഡ് ലക്ഷണമുള്ളവരും ലക്ഷണമില്ലാത്തവരും, സർക്കാരിന്റെ കൊവിഡാനന്തര ക്ളിനിക്കുകൾ സന്ദർശിച്ചവർ എന്നിവരുടെ പൂർണ വിവരങ്ങളാണ് ഈ രജിസ്ട്രിയിലുണ്ടാവുക. ഒരു വർഷത്തേക്ക് ഇവരുടെ കാര്യങ്ങൾ സൂക്ഷ്മമായി ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ആശ വർക്കർമാർ നിരീക്ഷിക്കും. ഇവരെ കൂടാതെ കൊവിഡ് പോസിറ്റീവ് ആയ അമ്മമാർ ജന്മം നൽകിയ കുഞ്ഞുങ്ങൾ എന്നിവരെയും നിരീക്ഷിക്കും. അഞ്ച് മുതൽ 10 വരെ വർഷമായിരിക്കും ഇവരുടെ നിരീക്ഷണ കാലാവധി. സർക്കാർ,​ സ്വകാര്യ മേഖലയിലെ അടക്കം എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഈ രജിസ്റ്റർ സൂക്ഷിക്കും.


കൊവിഡ് പോസിറ്റീവായ ശേഷം രോഗമുക്തി നേടിയവരിൽ 10 ശതമാനത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞത്. ഈയൊരു അവസ്ഥയെ ഗൗരവമായാണ് സർക്കാർ കാണുന്നത്. ഇതേതുടർന്നാണ് സർക്കാർ കൊവിഡാനന്തര ക്ളിനിക്കുകൾ ആരംഭിച്ചത്. അന്താരാഷ്ട്ര പഠനങ്ങൾ അനുസരിച്ച് കൊവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേർക്കും ചെറിയ രോഗലക്ഷണങ്ങളോ മിതമായ അവസ്ഥയിലോ ആണ് രോഗം ബാധിക്കുന്നത്. 10 മുതൽ 15 ശതമാനം പേർക്ക് ഗുരുതര നിലയിലും അഞ്ച് ശതമാനം പേർക്ക് അതിഗുരുതര നിലയുമാണ് ഉണ്ടാകുന്നത്. സാധാരണ രണ്ട് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ കൊവിഡ് രോഗം ഭേദമാകാറുണ്ട്. എന്നാൽ, ഒരു വിഭാഗം രോഗികൾക്ക് രോഗം ഭേദമാകാൻ ആഴ്ചകളോ മാസങ്ങളോ എടുക്കുന്നുണ്ട്.

കൊവിഡ് വാക്സിൻ ഡെവലപ്മെന്റ് യൂണിറ്റ്

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ഡെവലപ്മെന്റ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യവും സർക്കാർ ആലോചിച്ച് വരികയാണ്. ഇതേക്കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിൽ തന്നെ കൊവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളാവും സമിതി പരിശോധിക്കുക. വെല്ലൂർ ക്ളിനിക്കൽ വൈറോളജി ആൻഡ് മൈക്രോബയോളജിയിലെ മുൻ പ്രൊഫസർ ഡോ. ജേക്കബ് ജോൺ ടി ആണ് സമിതിയുടെ തലവൻ. നിലവിൽ ഒരു വാക്സിനും നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ കേരളത്തിലില്ല. കെ.എസ്.ഡ‌ി.പിക്കാകട്ടെ വാക്സിനുകൾ വലിയ തോതിൽ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോ മാനുഷിക ശേഷിയോ ഇല്ല. ഒരു വാക്സിൻ യൂണിറ്റ് സ്ഥാപിക്കണമെങ്കിൽ രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇപ്പോൾ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് വാക്സിനുകൾ നിർമ്മിക്കുന്നത്. നേരത്തെ പേപ്പട്ടി വിഷത്തിനെതിരായ വാക്സിൻ കേരളം ഉൽപാദിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് അവസാനിപ്പിച്ചു. ഇപ്പോൾ 50 വാക്സിൻ നിർമ്മാണത്തിനുള്ള 50 രജിസ്റ്രേർഡ് യൂണിറ്റുകൾ കേരളത്തിലുണ്ട്. എന്നാൽ അവയ്ക്ക് ഒന്നും തന്നെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. അതിനാൽ തന്നെ വാക്സിൻ നിർമ്മാണവും ഇല്ല.