ബംഗളൂരു: മാണ്ഡ്യ എം.പിയും നടിയുമായ സുമലതയെ മോശം ഭാഷയിൽ വിമർശിച്ച യുവ നേതാവിനെ താക്കീത് ചെയ്ത് ബി.ജെ.പി നേതൃത്വം. 'സുമലത ഒന്നിനും കൊള്ളാത്തവരാണെ"ന്ന് പറഞ്ഞ മൈസൂർ എം.പി പ്രതാപ് സിംഹയെയാണ് ദേശീയ നേതൃത്വം താക്കീത് ചെയ്തത്. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് റൗഡിയായ പ്രതാപ് സിംഹ സ്ത്രീകൾക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നതെന്ന് സുമലത പറഞ്ഞു. വാക്കുകളിലെ റൗഡി പ്രയോഗം സുമലതയുടെ ഭർത്താവ് അംബരീഷിന്റെ സിനിമയിലെ വില്ലൻ വേഷങ്ങളെ ഓർത്ത് താരം പറഞ്ഞതാകാമെന്ന് പ്രതാപ് സിംഹയും മറുപടി നൽകിയതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്. സുമലതയുമായി പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രതാപ് സിംഹയ്ക്ക് കർശന നിർദ്ദേശം നൽകി. ജെ.ഡി.എസ് കോട്ടയായിരുന്ന മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ മകനെ തോൽപ്പിച്ചാണ് സുമലത ബി.ജെ.പി പിന്തുണയോടെ വൻ വിജയം നേടിയത്.