ന്യൂഡൽഹി: രാജ്യത്ത് കറൻസി നോട്ടുകൾക്ക് തന്നെയാണ് പ്രിയം കൂടുതലെന്ന് വ്യക്തമാക്കി, എ.ടി.എം പിൻവലിക്കൽ ശരാശരി തുക റെക്കാഡ് ഉയരത്തിലെത്തി. ഈവർഷം ആഗസ്റ്റിലെ കണക്കുപ്രകാരം 4,959 രൂപയാണ് ഓരോ ഉപഭോക്താവും ശരാശരി എ.ടി.എമ്മിൽ നിന്ന് പിൻവലിക്കുന്നത്. അതേസമയം, യു.പി.ഐ ഇടപാടുകളിലൂടെ ശരാശരി കൈമാറുന്നത് 1,850 രൂപ മാത്രം.
ആഗസ്റ്റിൽ മൊത്തം കറൻസി സർക്കുലേഷൻ 26 ലക്ഷം കോടി രൂപയായിരുന്നു. ജി.ഡി.പിയുടെ 12 ശതമാനമാണിത്. കൊവിഡിന്റെ ആദ്യമാസങ്ങളിൽ എ.ടി.എമ്മുകളിൽ തിരക്കില്ലായിരുന്നു. എന്നാൽ, ജൂലായ്ക്ക് ശേഷം സ്ഥിതിമാറിയെന്ന് ബാങ്കുകൾ പറയുന്നു.
കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആഗസ്റ്റിൽ എ.ടി.എം പിൻവലിക്കൽ ശരാശരി തുകയിലെ വർദ്ധന 10 ശതമാനമാണ്. 4,507 രൂപയാണ് 2019 നവംബറിൽ പിൻവലിക്കപ്പെട്ടത്. അന്ന്, യു.പി.ഐ പ്രകാരമുള്ള ശരാശരി കൈമാറ്റം 1,549 രൂപയായിരുന്നു. ഈവർഷം വർദ്ധന 20 ശതമാനം.
പ്രിയം വലിയ
തുകയ്ക്ക്
എ.ടി.എമ്മുകളിൽ നിന്ന് 100 രൂപയോ 300 രൂപയോ പിൻവലിക്കപ്പെട്ടിരുന്ന പ്രവണത ഇപ്പോഴില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഓരോ ഉപഭോക്താവും കുറഞ്ഞത് ആയിരം രൂപ പിൻവലിക്കുന്നു. ആയിരം രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾ കൂടുതലും ഇപ്പോൾ ഡിജിറ്റലായാണ്.