masoumeh-ataei

പത്ത് വർഷം മുമ്പ്, മാസോമെ അതേയ് എന്ന ഇറാനിയൻ യുവതി വിവാഹ മോചനത്തിനായി കേസ് ഫയൽ ചെയ്തു. അവിടെ നിന്നുമാണ് മാസോമെയുടെ ജീവിതം മാറിമറിഞ്ഞതും. മുൻ ഭർത്താവിന്റെ പിതാവ് മാസോമെയുടെ നേർക്ക് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മാസോമെയ്ക്ക് അന്ന് 27 വയസായിരുന്നു പ്രായം. രണ്ട് വയസുള്ള ഒരു മകൻ മാസോമെയ്ക്കുണ്ടായിരുന്നു.

ആക്രമണത്തിൽ മാസോമെയുടെ കൈകൾക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വേദന കുറയ്ക്കാനും ത്വക്കിനെ പുനഃരുജ്ജീവിപ്പിക്കാനുമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ 38 ശസ്ത്രക്രിയകൾക്കാണ് വിധേയമായത്. 2014ൽ കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു വർഷത്തോളം യു.എസിൽ കഴിയേണ്ടി വന്നു മാസോമെയ്ക്ക്.

മാസോമെയെ സഹായിക്കാൻ ഒരാൾ മുന്നോട്ട് വരികയും, അയാളുടെ ചെലവിൽ ചികിത്സ നടത്തുകയുമായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ കാഴ്ച ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ക്രൂരമായ വിധിയ്ക്ക് മുന്നിൽ തോറ്റ് പിന്മാറാൻ മാസോമെ തയാറായില്ല.

masoumeh-ataei

മാസോമെ ഇന്നൊരു മോഡൽ ആണ്. ആക്രമണത്തിന് ശേഷം ഇനി എന്ത് എന്നും സമൂഹം തന്നെ എങ്ങനെ നോക്കിക്കാണും എന്നൊക്കെയായിരുന്നു മാസോമെയുടെ മനസിൽ. എന്നാൽ ജീവിതം തിരിച്ചു പിടിക്കാൻ എല്ലാവരും മാസോമെയ്ക്ക് ഒപ്പം നിന്നു. ടെഹ്‌റാനിലെ ഒരു പരമ്പരാഗത ഇറാനിയൻ വസ്ത്ര നിർമാണ സ്ഥാപനത്തിന് വേണ്ടി മോഡലിംഗ് ചെയ്യുകയാണ് മാസോമെ.

' ഒരാളുടെ രൂപമല്ല അവരുടെ സൗന്ദര്യം നിർവചിക്കുന്നത്. ഒരു സ്ത്രീയ്ക്ക് രൂപമാറ്റമുണ്ടായാലോ, മുഖം വികൃതമാക്കപ്പെട്ടാലോ അവർ സുന്ദരിയല്ലെന്ന് ഒരിക്കലും അർത്ഥമാക്കുന്നില്ല. സൗന്ദര്യത്തെ നിർവചിക്കാൻ മറ്റ് പല ഘടകങ്ങളുമുണ്ട്. ' മാസോമെ പറയുന്നു. വസ്ത്ര ലേബലിന്റെ പരസ്യ പ്രോജക്ടിലും മാസോമെ പങ്കാളിയായിരുന്നു. ഇറാനിൽ ആസിഡ് ആക്രമണത്തിന് ഇരയായവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും മാസോമെ സജീവമാണ്.