photo-

കാസർകോട്: കൊവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടികൾ നേരിടുന്ന വലിയ വെല്ലുവിളി പ്രചാരണം. സോഷ്യൽ മീഡിയ പ്രചാരണ താരമാകുമെന്ന തിരിച്ചറവിൽ ബേഡഡുക്ക പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇപ്പോൾ ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്.

മാത്രമല്ല പോസ്റ്ററുകളിലുമുണ്ട് പ്രത്യേകത. സിനിമാ പോസ്റ്ററുകളെ അനുസ്മരിപ്പിക്കുന്ന പോസ്റ്രറുകളാണ് ഇപ്പോൾ ബേഡകത്തെ താരം. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നടൻ പൃഥ്വിരാജ് ജീപ്പിന് മുകളിലിരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണൻ എന്ന കർഷകൻ. പയസ്വിനി പുഴയിലൂടെ തോണിയിൽ യാത്രയാവുന്ന പ്രിയ, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും, എഫ്.സി ബൈക്കിൽ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവൻ. ഇപ്പോൾ ഇവരൊക്കെയാണ് ബേഡകത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി താരങ്ങൾ.

പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളെല്ലാം ഫോട്ടോ സ്റ്റോറികളായി. പോസ്റ്ററൊരുക്കാനും ഡിസൈൻ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക ടീമും ഇവിടെയുണ്ട്. വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ എല്ലാവരിലുമെത്തിക്കുന്ന പോസ്റ്ററുകൾ ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ താരമാണ്. പോസ്റ്റർ പ്രദർശനത്തിലൂടെ കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ട ഒരു സീറ്റടക്കം എല്ലാം തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃത്വം.