pic

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താതെ രാഷ്‌ട്രീയപരമായി
സർക്കാരിനെതിരെ നീങ്ങിയാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് എ.വിജയരാഘവൻ. ജനങ്ങളെ അണിനിരത്തിയുള്ള വിപുലമായ പ്രചരണമാണ്‌ നടത്തുകയെന്നും ഇത് സംബന്ധിച്ച തീരുമാനം വരുന്ന എൽ.ഡി.എഫ് യോഗത്തിൽ കെെക്കൊള്ളുമെന്നും വിജയരാഘവൻ പറ‌ഞ്ഞു.

ശരിയായ അന്വേഷണം വേണമെന്നാണ്‌ മുഖ്യമന്ത്രി ആഗ്രഹിച്ചത്‌.അതിനാണ്‌ ഏജൻസികൾ വരണമെന്നാവശ്യപ്പെട്ടത്‌. എന്നാൽ സർക്കാരിനെതിരെ മൊഴികൾ ഉണ്ടാക്കിയെടുക്കാനാണ്‌ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. ഏജൻസികൾ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും ഇതിലൂടെ മുഖ്യമന്ത്രിയെ കുടുക്കാനാവുമോ എന്നാണ് നോക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം കേരളത്തിന്റെ വികസനത്തെ തടയാനാണ് ‌ പ്രതിപക്ഷം കിഫ്‌ബിക്കെതിരെ നീങ്ങുന്നതെന്നും സിഎജി റിപ്പോർട്ടിന്റെ അവകാശലംഘനമൊക്കെ നിയമസഭയുമായി ബന്ധപ്പെട്ടവയാണ്‌. അത്‌ അവിടെ പരിഗണിക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.