റോയ് കൃഷ്ണയുടെ ഗോളിൽ എ.ടി.കെ മോഹൻ ബഗാന് വിജയം
ബാംബോലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്നലെ ഗോവയിലെ ബാംബോലിയിൽ നടന്ന മത്സരത്തിൽ അറുപത്തിയേഴാം മിനിട്ടിൽ ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണ നേടിയ ഗോളാണ് എ.ടികെയുടെ വിജയവും ബ്ലാസ്റ്റേഴ്സിന്റെ പരാജയവും ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻ തൂക്കമെങ്കിലും അവസരങ്ങൾ മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ബഗാന് ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ നിന്ന് വീണുകിട്ടിയ അവസരം ഗോളാക്കി റോയ് ജയം സമ്മാനിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം സഹൽ അബ്ദുൾ സമദ് പാഴാക്കിയ രണ്ട് അവസരങ്ങൾക്കും ഋത്വിക് ദാസിന്റെ മിസിനും ബ്ലാസ്റ്റേഴ്സിന് വിലിയ വില നൽകേണ്ടി വന്നു.
മലയാളി താരങ്ങളായ സഹലിനും പ്രശാന്തിനും കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ അവസരം നൽകി. മറുവശത്ത് കഴിഞ്ഞ സീസൺവരെ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ സന്ദേശ് ജിങ്കൻ എ.ടികെ ജേഴ്സിയിൽ കളത്തിലിറങ്ങി. 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മറുവശത്ത് എ.ടി. കെയെ 3-5-2 ശൈലിയിലാണ് ഹാബാസ് കളത്തിൽ വിന്യസിച്ചത്.പൊസഷനിലും പാസിംഗിലുമെല്ലാം ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിലെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലെയും ഫിനിഷിംഗിലേയും പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു.
ഗോളില്ലാ പകുതി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ലീഗിന്റെ സീസണിലെ ആദ്യ മത്സരത്തിന്റെ ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. സൂക്ഷിച്ചാണ് ഇരു ടീമും തുടങ്ങിയത്. ബഗാൻ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സാണ് പിന്നെയും ആക്രമണങ്ങൾ നടത്തിയത്. എന്നാൽ ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ലെന്ന് മാത്രം. ആദ്യപകുതിയിൽത്തന്നെ പരിക്കിനെത്തുടർന്ന് ബഗാന് സൂപ്പർ താരം സൂസൈരാജിന്റെ സേവനം നഷ്ടമായി.സുഭാശിഷ് ബോസാണ് പകരമിറങ്ങിയത്.
രണ്ടാം മിനിട്ടിൽ എ.ടിക.കെയുടെ റോയ് കൃഷ്ണ അവസരം പാഴാക്കി. 33-ാം മിനിട്ടിലും റോയ് കൃഷ്ണയ്ക്ക് പിഴച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഋത്വിക് ദാസും അവസരം നഷ്ടമാക്കി.
റോയ് ജോയി
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് തുടങ്ങിയതെങ്കിലും തുടർന്ന് എ.ടി.കെ ആക്രമണം കനപ്പിച്ചു. അറുപത്തിയേഴാം മിനിട്ടിൽ അതിന് ഫലമുണ്ടായി. മൻവീർ സിംഗിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ഗോളി ആൽബിനോ ഗോമസിന് ഒരവസരവും നൽകാതെ റോയ് പന്ത് വലയ്ക്കകത്താക്കുകയായിരുന്നു. തുടർന്ന് സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.