shobha-surendran

കൊച്ചി: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതകൾക്ക് പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് റിപ്പോർട്ട്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായ ശോഭാ സുരേന്ദ്രനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കാണ് ഇനിയും പരിഹാരമാകാത്തത്.

കേന്ദ്ര നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾക്കിടയിലും ശോഭ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അവഗണിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ചതോടെ ഇരുവരും തമ്മിലെ പോര് പുതിയ തലത്തിലേക്കാണ് കടക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള പാർട്ടി പ്രഭാരി സി.പി രാധാകൃഷ്ണന്‍ ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ അവർ തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന ഘടകത്തിലെ ഭിന്നതകൾ അടിയന്തിരമായി പരിഹരിക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.

സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തശേഷം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആദ്യ യോഗമാണ് കൊച്ചിയിൽ നടന്നത്. അതേസമയം, ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളെല്ലാം മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നായിരുന്നു കെ. സുരേന്ദ്രൻ പ്രതികരിച്ചത്.

ശോഭ സുരേന്ദ്രന്റെ വിഷയം അജണ്ടയില്‍ ഇല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നേതൃയോഗം ചേര്‍ന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. സുരേന്ദ്രനെതിരെ ശോഭ പലതവണ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിരുന്നു. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം.