ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ വിതരണം വി.ഐ.പി വിഭാഗത്തിൽ പെടുത്തരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞ പൗരൻമാർക്കും മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
"കൊവിഡ് വാക്‌സിൻ വിതരണം വി.ഐ.പി വിഭാഗത്തിൽ പെടുത്തരുത്. എല്ലാവരും തുല്യരാണ്.എല്ലാവരുടെയും ജീവിതം പ്രധാനമാണ്. ആരോഗ്യപ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞ പൗരൻമാർക്കും വാക്‌സിൻ വിതരണത്തിൽ മുൻഗണന നൽകണം. ഇതിൽ രാഷ്‌ട്രീയ പരമായ വേർതിരിവ് പാടില്ല." ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെജ്‌രിവാൾ പറഞ്ഞു.
വെെറസിന്റെ സ്വഭാവ ഗുണങ്ങൾ അജ്ഞാതമായി തുടരുന്നതിനാൽ രോഗം തടയാനുള്ള ശ്രമങ്ങൾക്ക് അത് വെല്ലുവിളിയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഡൽഹിയിൽ ഇന്ന് 6,608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.