ചെന്നൈ: മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്സര റെഡ്ഡി രാജിവച്ചു.കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് രാജി. കുറച്ചുകാലമായി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം മോശമാണെന്നും അപ്സര കുറ്റപ്പെടുത്തി.
കോൺഗ്രസ് വിട്ട അപ്സര റെഡ്ഡി എഐഎഡിഎംകെയിൽ ചേർന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. എൻഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്സര വ്യക്തമാക്കി.
കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറിയായിരുന്നു അപ്സര.താൻ ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയെന്ന് അവർ ട്വീറ്റ് ചെയ്തു. അടുത്തിടെയാണ് നടിയും തമിഴ്നാട് കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.