കോഴിക്കോട്: ജുവലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്‌ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനുളള തീരുമാനം. 13 ദിവസമായി തങ്ങൾ ഒളിവിലാണ്.
നിക്ഷേപ തട്ടിപ്പിൽ മഞ്ചേശ്വരം എം എൽ എ ഖമറുദ്ദീനൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. ലക്ഷദ്വീപിലേക്ക് അടക്കം പൂക്കോയ തങ്ങൾ കടന്നതായി സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും തങ്ങൾക്ക് വേണ്ടി തെരച്ചിൽ വ്യാപകമാക്കാനും പദ്ധതിയുണ്ട്.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന എം സി ഖമറുദ്ദീന് ആൻജിയോ പ്ലാസ്റ്റി നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ഖമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഹോസ്‌ദുർഗ് കോടതി തളളിയതിനെ തുടർന്നാണ് എം എൽ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫാഷൻ ഗോൾഡ് നടത്തിപ്പിൽ തനിക്ക് സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്‌ച വരാൻ കാരണമെന്നാണ് ജാമ്യാപേക്ഷയിൽ ഖമറുദ്ദീൻ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഖമറുദ്ദീൻ കോടതിയെ അറിയിച്ചു.