vinson-m-paul

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടറായിരിക്കെ ബാർ കോഴക്കേസിൽ തെളിവില്ലെന്ന തന്റെ നിലപാടിൽ നിന്ന് ഒരുപടി മുന്നോട്ടുപോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം പോൾ. എന്നാൽ കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ മുൻമന്ത്രി കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കെ എം മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ല. ഇത് പക്ഷേ രാഷ്ട്രീയ വിവാദമായി മാറി. ഫയൽ പഠിച്ചിട്ട് വസ്‌തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തി കഴിഞ്ഞപ്പോഴാണ് കെ എം മാണിക്കെതിരെ സാക്ഷിമൊഴിയോ രേഖാമൂലമുളള തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാർ കോഴക്കേസിൽ കേസെടുക്കാനുളള തെളിവില്ലെന്ന് ഫയലിൽ കുറിച്ചതാണ് തന്നെ വിവരാവകാശ കമ്മിഷണറാക്കുമ്പോഴുളള വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പിന് കാരണം. അഞ്ചു വർഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്റെ നിലപാടിൽ നിന്ന് ഒരു പടി കടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും വിൻസൻ എം പോൾ ചൂണ്ടിക്കാട്ടി.

പോൾ മുത്തൂറ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയത്. ഇപ്പോഴും പൂർണമായി ലഭ്യമാകാത്ത മന്ത്രിസഭാ തീരുമാനങ്ങൾ പൗരന്റെ അവകാശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്‌നാഥ് ബെഹ്റ, നെതർലാൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി തുടങ്ങിയവരാണ് പുതിയ വിവരാവകാശ കമ്മിഷണർ പരിഗണനാ പട്ടികയിലുളളവർ. ബാർ കോഴക്കേസിലെ വിവാദം കത്തി നിൽക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പോടെയാണ് അഞ്ച് വർഷം മുമ്പ് വിൻസൺ എം പോൾ വിവരാവകാശ കമ്മിഷണർ ആകുന്നത്.