supreme-court

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഫീസ് കൂടാമെന്ന് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹർജി. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഏഴ് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് ഫീസായി ഫീസ് നിർണയ കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ ഇത് ഇരുപത്തി രണ്ട് ലക്ഷമാക്കി ഉയർത്തണമെന്നായിരുന്നു സ്വാശ്രയ കോളേജുകളുടെ ആവശ്യം. ഇതു പരിഗണിച്ച ഹൈക്കോടതി സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് നിശ്‌ചയിച്ച് അത് പരീക്ഷ കൺട്രോളറെ അറിയിക്കാൻ നിർദേശിക്കുകയായിരുന്നു.

നാഷണൽ മെഡിക്കൽ കമ്മിഷൻ നിയമത്തിന് വിരുദ്ധമായാണ് ഹൈക്കോടതി തീരുമാനം എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് അദ്ധ്യായന വർഷങ്ങളിലെ ഫീസുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും സുപ്രീംകോടതിയിൽ തീർപ്പാക്കാതെ നിലനിൽക്കുകയാണ്. അതിനു പിന്നാലെയാണ് ഈ വർഷത്തെ ഫീസ് സംബന്ധിച്ച തർക്കവും സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

ഇരുപത്തിരണ്ട് ലക്ഷം രൂപ ഫീസായി നിശ്‌ചയിച്ചാൽ അത് വിദ്യാർത്ഥികൾക്ക് വലിയ ബാദ്ധ്യതയും തിരിച്ചടിയുമാകും. ഫീസ് നിർണയിക്കാനുളള അവകാശം ഒരിക്കലും കോളേജുകൾക്ക് നൽകാനാകില്ല. അത് സുപ്രീംകോടതി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീംകോടതി അടിയന്തരമായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യം.