തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി എന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. അടുത്തയാഴ്‌ച നോട്ടീസ് നൽകി രവീന്ദ്രനെ വിളിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് സംഘം ആലോചിക്കുന്നത്.
തിങ്കളാഴ്‌ചത്തെ യോഗത്തിൽ സി എം രവീന്ദ്രനെ എന്ന് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാൻ എൻഫോഴ്മെന്റ് വിളിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവയ്‌ക്കുകയായിരുന്നു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്‌തനായ ഉദ്യോഗസ്ഥനാണ് സിഎം രവീന്ദ്രൻ. ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ നിന്ന് ആരംഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിക്കുന്നത്. ഐ ടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കർ കുടുങ്ങിയപ്പോൾ തന്നെ വിവാദങ്ങളിൽ സി എം രവീന്ദ്രന്റെ പേരും ഉയർന്നിരുന്നു.