തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും മുൻമന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയത് പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ബാർകോഴ കേസിൽ ആരോപണമുയർന്ന എല്ലാവർക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയ്‌ക്ക് കഴിയുമോ എന്ന് മുല്ലപ്പളളി ചോദിച്ചു.
ജോസ്.കെ.മാണിക്കെതിരെയുളള ബാർ കോഴ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കുമോ എന്ന് മുല്ലപ്പളളി വെല്ലുവിളിച്ചു. അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് ഏത് നിമിഷവും ജയിലിൽ പോകാം എന്ന അവസ്ഥയിൽ സമനില തെറ്റിയെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്തുന്നതെന്നും മുല്ലപ്പളളി ആരോപിച്ചു. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ മുൻ ഐ.എ.എസുകാരൻ വഴി മഹാരാഷ്‌ട്രയിലെ സിന്ധുദുർഗിൽ 200 ഏക്കർ ഭൂമി വാങ്ങി എന്ന വാർത്തയിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോയെന്നും മുല്ലപ്പളളി ചോദിച്ചു. മന്ത്രിമാർക്ക് കണ്ണൂർ സ്വദേശിയായ ബിനാമിയുടെ പേരിൽ മഹാരാഷ്‌ട്രയിൽ ഭൂമിയുണ്ടെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് കേരളകൗമുദിയാണ്.
ഈ സർക്കാരിന്റെ പല അഴിമതികളും തുറന്ന് കാട്ടിയത് പ്രതിപക്ഷനേതാവ് ആണ്. ഇടത് മുന്നണി തന്നെ നാല് തവണ അന്വേഷിച്ച് ക്ളീൻചിറ്റ് നൽകിയ കേസാണ് ബാർകോഴയെന്നും ഇത്തരം പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ കഴിയില്ലെന്നും മുല്ലപ്പളളി പറഞ്ഞു.