ആഗ്ര: ഉത്തർപ്രദേശിൽ കേബിൾ ടിവി ടെക്നീഷ്യനെന്ന വ്യാജേന വീട്ടിൽ എത്തി ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഡോ. നിഷ സിംഗാൾ(38) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുന്ന സമയത്ത് യുവതിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു.ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവ സമയത്ത് നിഷയുടെ ഭർത്താവ് ഡോ. അജയ് സിംഗാൾ വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹം വീട്ടിലെത്തിയ ശേഷമാണ് നിഷയെ ആശുപത്രിയിൽ എത്തിച്ചത് . സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനായിട്ടാണ് ഇയാൾ വീട്ടിലെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറോളം ഇയാൾ വീട്ടിൽ കഴിച്ചുകൂട്ടിയതായും പൊലീസുകാർ പറഞ്ഞു. അതേസമയം ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും, പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാജകേസുകൾ ഉണ്ടാക്കുന്നതിൽ മുഴുകിയിരിക്കുകയാണ് സർക്കാരെന്നും, സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് അറിയുന്നില്ലെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.