vijay-sethupathi

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് നടൻ വിജയ് സേതുപതി രംഗത്ത്. പേരറിവാളിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് താരം ഗവർണർക്ക് കത്തെഴുതി. ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഇക്കാര്യം പരാമർശിച്ചാണ് നടന്റെ കത്ത്.

'സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർത്ഥിക്കുന്നു. അർപ്പുതമ്മാളിന്റെ (പേരറിവാളന്റെ മാതാവ്) 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' എന്ന് വിജയ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയും ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധത്തെ തുടർന്ന് തന്റെ പത്തൊമ്പതാമത്തെ വയസിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. കേസിൽ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലിൽ കഴിയുന്നത്.

കേസിൽ നേരിട്ട് പങ്കില്ലാതിരുന്നിട്ടും വർഷങ്ങളായി ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്ന് വിജയ് സേതുപതിയെ കൂടാതെ സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്‌കിൻ, നടന്മാരായ സത്യരാജ്, പ്രകാശ് രാജ് എന്നിവരും ആവശ്യപ്പെട്ടിട്ടുണ്ട്.