തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെത്തുമ്പോൾ മൂത്രശങ്ക തോന്നിയാൽ പെട്ടതു തന്നെ. കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കാമെന്ന് കരുതി ചെന്നാലോ ദുരിതപർവവുമായിരിക്കും. ആവശ്യത്തിന് വെള്ളമുണ്ടാകില്ല. വൈദ്യുതി സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയൊക്കെ കാരണം ദുരിതക്കയത്തിലായിരിക്കും ഇവയെല്ലാം. ഈ സാഹചര്യങ്ങൾക്കൊക്കെ അന്ത്യമാകാൻ പോകുകയാണ്. നഗരത്തിലെ കംഫർട്ട് സ്റ്റേഷനുകൾ മുഖം മാറ്റാനൊരുങ്ങുകയാണ്.
1.32 കോടി
സ്‌മാർട്ട് സിറ്റി തിരുവനന്തപുരം പദ്ധതിയുടെ കീഴിൽ 1.32 കോടി രൂപ മുടക്കിയാണ് കംഫർട്ട് സ്‌റ്റേഷനുകളെ അത്യാധുനിക സൗകര്യങ്ങളോടെ നൂതനമാക്കുന്നത്. കൂടുതൽ വൃത്തിയുള്ളതും ഭിന്നശേഷി സൗഹൃദവും ആക്കുന്ന തരത്തിലുള്ള നവീകരണങ്ങളാണ് നടക്കുക. പുത്തരിക്കണ്ടം മൈതാനം, കോർപ്പറേഷൻ ഓഫീസ്, തമ്പാനൂർ ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷനുകൾ ഇതിനോടകം തന്നെ നവീകരണം പൂർത്തിയാക്കി കഴിഞ്ഞു. വഞ്ചിയൂർ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കംഫർട്ട് സ്‌റ്റേഷനുകൾ നവീകരിച്ചു വരികയാണ്. തമ്പാനൂരിലും പുത്തരിക്കണ്ടത്തും കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിച്ച സുലഭ ഇന്റർനാഷണനിലിനാണ് അറ്റുകുറ്റപ്പണികളുടെ ചുമതല. വൃത്തിയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം കംഫർട്ട് സ്റ്റേഷനുകളെ ഭിന്നശേഷി സൗഹൃദവുമാക്കും.തമ്പാനൂർ ന്യൂ തിയേറ്ററിന് എതിർവശത്തുള്ള പബ്ളിക് കംഫർട്ട് സ്റ്റേഷന്റെ പുനർനിർമ്മാണം നടന്നുവരികയാണ്. കിഴക്കേകോട്ടയിൽ പത്മനാഭ തിയേറ്ററിനും ചാലയ്ക്കും സമീപത്തുമായി രണ്ട് കംഫർട്ട് സ്റ്റേഷനുകൾ ഉടൻ നിർമ്മിക്കും.