പാറശാല: സുനിൽ കുമാറിന് രാഷ്ട്രീയമുണ്ട്, സ്ഥാനാർത്ഥിയായപ്പോൾ ചിഹ്നവും. എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥിക്കും ശബ്ദം നൽകണമെങ്കിലും സുനിൽകുമാർ തന്നെ ആശ്രയം. ഇദ്ദേഹത്തിന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നത് ഗാംഭീര്യമുള്ള ശബദം തന്നെയാണ്. തിരഞ്ഞെടുപ്പ് കാലങ്ങളിൽ തേക്കൻ മേഖലകളിലെ റെക്കാഡിംഗ് സ്റ്റുഡിയോകളിൽ എക്കാലവും മുഴങ്ങി കേൾക്കാറുള്ള ആ ശബ്ദത്തിന്റെ ഉടമ ഇക്കുറി സ്ഥാനർത്ഥിയാണെങ്കിലും ആവശ്യക്കാരായ എല്ലാ സ്ഥാനർത്ഥികൾക്കും കൊടിയുടെ നിറം നോക്കാതെ ശബ്ദം നൽകാൻ എതു സമയത്തും സുനിൽ കുമാർ തയ്യാറാണ്. പാറശാല വേയിലകം വാരിവിളാകത്ത് വീട്ടിൽ ജി.സുനിൽകുമാറിനെ പാറശാല ഠൗൺ വാർഡിൽ യു.ഡി.എഫ് ഇക്കുറി മത്സര രംഗത്ത് ഇറക്കിയിരിക്കുകയാണ്. കഴിഞ്ഞ 40 വർഷമായി കലാരംഗത്തുള്ള സുനിൽ കുമാർ നാടകം, ബാലെ, കഥാപ്രസംഗം, വിൽപ്പാട്ട് എന്നീ കലാരംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയപ്പോൾ ലഭിച്ച സി.ആർ.പി.എഫിലെ ജോലി ഉപേക്ഷിച്ചാണ് കലയിലേക്ക് തിരിഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ലോകസഭാ തിരഞ്ഞെടുപ്പ് വരെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾക്കും, വാണിജ്യ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾക്കും സുനിൽകുമാർ 30 വർഷമായി തുടർച്ചയായി ശബ്ദം നൽകിവരുന്നു. തനിക്കു വേണ്ടിയും മറ്റ് സ്ഥനാർത്ഥികൾക്കും ശബ്ദം നൽകി ശ്രദ്ധേയനാവുകയാണ് ജി.സുനിൽകുമാർ.