ന്യൂഡൽഹി: മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ച് മൊട്ടിട്ട പ്രണയം. അഭിനന്ദനങ്ങൾക്കും എതിർപ്പുകൾക്കും ഇടയിൽ രാജ്യത്ത് നടന്ന വിവാഹം. ഒടുവിൽ ആ ഐ എ എസ് ദമ്പതികൾ വേർപിരിയുകയാണ്. 2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനുമാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
ദമ്പതികളുടെ വിവാഹ മോചന വാർത്ത ഇതിനോടകം പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ഇരുവരുടേയും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജയ്‌പൂരിലെ കുടുംബ കോടതിയിലാണ് ഉഭയ സമ്മതപ്രകാരം ടിനയും അതറും വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
ഐ എ എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയായിരുന്നു ഭോപ്പാൽ സ്വദേശിയായ ടിന. കാശ്‌മീർ സ്വദേശിയായ അതർ ഖാനുമായി ടിന പ്രണയത്തിലായത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജാതിമത വേലിക്കെട്ടുകൾ ലംഘിച്ച് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ ആശംസകളുമായി പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. 2018 ൽ ജയ്‌പൂർ,പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും യുവ ദമ്പതികൾക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു. അതേസമയം, വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ അന്ന് രംഗത്തെത്തിയിരുന്നു.