prachi-tehlan

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രാചി തെഹ്‌ലാന്‍. ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ഡൽഹിക്കാരിയാണ്. ചരിത്ര സിനിമയിലെ കഥാപാത്രത്തെ മലയാളതനിമയോടെ അവതരിപ്പിച്ച പ്രാചി സോഷ്യല്‍ മീഡിയയിലും സജീവമാണ്.

കരിയറില്‍ ഏറെ പ്രത്യേകതയുള്ള 'മാമാങ്ക'ത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രാചി പങ്കുവച്ചിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കും മുന്‍പ് പ്രാചിക്ക് നല്‍കിയിരുന്ന 'ഉണ്ണിമായ'യുടെ ക്യാരക്ടര്‍ ലുക്ക് ആയിരുന്നു അത്.

'ഉണ്ണിമായയുടെ വേഷത്തിലേക്ക് കയറുന്നതിനുമുന്നേ എന്നെ കാണിച്ച ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്കാണ് ഇടതുള്ളത്, ഞാന്‍ ഉണ്ണിമായയായി മാറിയ ചിത്രം വലതുഭാഗത്തും.' എന്നാണ് പ്രാചി കുറിച്ചിരിക്കുന്നത്. ക്യാരക്ടറിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായതെന്നാണ് ആരാധകര്‍ പ്രാചിയോട് പറയുന്നു.

ഹിന്ദിയില്‍ ടെലിവിഷന്‍ താരമായാണ് പ്രാചി സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും നിരന്തരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന പ്രാചി അടുത്തിടെ പങ്കുവച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വള്ളുവനാടിന്റെ ചരിത്രമാണ് 'മാമാങ്കം' എന്ന സിനിമയുടെ മുഖ്യ പ്രമേയം. എം പദ്മകുമാറാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, അനു സിത്താര, ഇനിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.