vallabhan

തിരുവനന്തപുരം: കൊമ്പിന്റെ വളർന്ന ഭാഗം മുറിച്ച് നീളം ക്രമപ്പെടുത്തിയാൽ മതിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. അതുപ‌റ്റില്ല കൊമ്പ് ചെത്തി അ‌റ്റം ഒരുക്കി ഭംഗിയാക്കണമെന്ന് ദേവസ്വംബോർഡും പാപ്പാന്മാരും. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആന വല്ലഭന്റെ കൊമ്പ് മുറിക്കലാണ് ഇങ്ങനെ വലിയ തർക്കത്തിൽ കലാശിച്ചത്.

കൊമ്പ് നീളം ക്രമപ്പെടുത്തി മുറിച്ചാൽ മതിയെന്ന വനംവകുപ്പ് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ ദിവ്യ.എസ്.റോസും സംഘവും വാദിച്ചു. അതുപ‌റ്റില്ല മുറിച്ചശേഷം ഒരുക്കണമെന്ന് ആനപാപ്പാന്മാരും ദേവസ്വംബോർഡ് ഉദ്യോഗസ്ഥരും തർക്കം ഉന്നയിച്ചു. തുടർന്ന് തീരുമാനം ഉണ്ടാകാതെ വന്നതോടെ കൊമ്പ് മുറിക്കാനെത്തിയവരും ഡോക്‌ടറും ഉൾപ്പെട്ട സംഘം മടങ്ങിപ്പോയി.

forest

കഴിഞ്ഞ മാസം 22നാണ് ആനയുടെ കൊമ്പ് മുറിക്കാൻ അപേക്ഷ നൽകിയത്. കൊമ്പ് ചെത്തിമിനുക്കി നല്ല ആകൃതി വരുത്തിയില്ലെങ്കിൽ ആനയെ പരിചരിക്കാൻ പ്രയാസമാണെന്ന് പാപ്പാന്മാർ വിക്രമൻ, ബിജു എന്നിവർ അറിയിച്ചു. എന്നാൽ വനംവകുപ്പ് തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല.തർക്കം നീണ്ടതോടെ ക്ഷേത്രോപദേശക സമിതി അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി. കൊമ്പ് മുറിക്കാൻ വീണ്ടും അപേക്ഷ നൽകാൻ തന്നെയാണ് ദേവസ്വംബോർഡിന്റെ തീരുമാനം.