vijayaraghavan

മലപ്പുറം: കേരളത്തിൽ സർക്കാരിന്റെ വിവിധ വികസന പദ്ധതികൾ രാഷ്‌ട്രീയമായ വെല്ലുവിളിയാകുമെന്ന ഭയംകൊണ്ട് യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനെ കരിവാരി തേക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വഹിക്കുന്ന എ.വിജയരാഘവൻ. സംസ്ഥാനത്ത് വിവിധ വികസന പരിപാടികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടിക്കാതെ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. റോഡ് വികസനത്തിനായി സ്ഥലം ഏ‌റ്റെടുത്ത ശേഷം 48 കോടിയോളം രൂപ വേണ്ടവർക്കെല്ലാം നഷ്ടപരിഹാരമായി നൽകി. അസാദ്ധ്യമെന്ന് കരുതിയിരുന്ന ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതി കേരളത്തിന്റെ ഭാഗം പൂർത്തിയാക്കി. കിഫ്‌ബി വഴി വിവിധ വികസന പദ്ധതികൾ നടപ്പാക്കിത്തുടങ്ങി. ആ സമയം കേരളത്തിലെ വികസന മുന്നേ‌റ്റം തടയാനും സ‌ർക്കാരിനെ ഒ‌റ്റതിരിഞ്ഞ് ആക്രമിക്കാനും പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ ആരോപിച്ചു.

സ്വർണക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികളും സ്‌തംഭിപ്പിക്കുന്നതിന് ശ്രമിക്കുകയാണെന്നും സർക്കാരിന്റെ വലിയ പദ്ധതികളായ കെ ഫോൺ, ഇ മൊബിലി‌റ്റി,ടോറസ് പാർക്ക്. ലൈഫ് മിഷൻ എന്നിങ്ങനെ പദ്ധതികളിലെല്ലാം കേന്ദ്ര ഏജൻസികൾ ഇടപെട്ടു.

കിഫ്‌ബി വഴി വായ്‌പയെടുക്കുന്നത് നിയമവിരുദ്ധമെന്ന് സി.എ.ജി റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇതുവഴി സംസ്ഥാനത്തിന്റെ 60,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ശ്രമിക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. സ്‌കൂളുകളുടെആധുനികവൽക്കരണവും,ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതും, ദേശീയപാത,റോഡ്, പാലങ്ങൾ ഇവയുടെ നിർമ്മാണവും വികസനവുമാണ് യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ടിൽ ഇല്ലാതാക്കാൻ നീക്കം നടത്തുന്നത്. ഇത് ജനങ്ങളോടുള‌ള വെല്ലുവിളിയാണെന്ന് വിജയരാഘവൻ പറഞ്ഞു.

സർക്കാരിനെതിരായ ഈ ആസൂത്രിത നീക്കങ്ങൾക്കെതിരെ നവംബർ 25ന് നഗരസഭാ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ 'കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്നീ മുദ്രാവാക്യമുയർത്തി ബഹുജന കൂട്ടായ്‌മ നടത്തുമെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.