ചെന്നൈ: മുൻ ഡി.എം.കെ നേതാവ് കെ.പി രാമലിംഗം ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ മാർച്ചിൽ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട രാമലിംഗം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുഗന്റെയും സി.ടി രവിയുടെയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണൻ, എച്ച്. രാജ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ഡി.എം.കെയുമായി ഇടഞ്ഞു നിൽക്കുന്ന അഴഗിരിയുടെ വിശ്വസ്തൻ കൂടിയാണ് രാമലിംഗം. സംസ്ഥാനത്ത് ബി.ജെ.പിയെ കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നതിനൊപ്പം അഴഗിരിയെ പാർട്ടിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നും രാമലിംഗം പറഞ്ഞു. അഴഗിരി ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് വിശ്വസ്തനായ രാമലിംഗത്തിന്റെ എൻ.ഡി.എ പ്രവേശനം. കൊവിഡ് വിഷയത്തിൽ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ നിലപാടിനെ എതിർത്തതിനെ തുടർന്നാണ് കെ.പി.രാമലിംഗത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.