കുട്ടികളെ കുത്തി പരിക്കേൽപ്പിച്ചു
ആഗ്ര: യു.പിയിൽ പട്ടാപ്പകൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. ആഗ്ര സ്വദേശി ഡോ. നിഷ സിംഗാളിനെയാണ് (38) കൊലപ്പെടുത്തിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന എട്ടും നാലും വയസുള്ള രണ്ട് കുട്ടികളെയും അക്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കൊലയാളിയായ ശുഭം പഥക് പൊലീസ് പിടിയിലായി. സെറ്റ് ടോപ്പ് ബോക്സ് റീചാർജ് ചെയ്യാനെത്തിയ കേബിൾ ടിവി ടെക്നീഷ്യനെന്ന വ്യാജേനയാണ് ശുഭം പഥക് വീട്ടിനുള്ളിൽ കടന്നത്. ഡോക്ടറെ അപായപ്പെടുത്തിയ ശേഷം ഒരു മണിക്കൂറോളം അപ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രതി പിന്നീടാണ് കുട്ടികളെയും കുത്തി പരിക്കേൽപ്പിച്ചത്. സംഭവ സമയം കുട്ടികൾ രണ്ടുപേരും അടുത്ത മുറിയിലായിരുന്നു. പ്രതിയുടെ ചിത്രം സിസി ടിവിയിൽ പതിഞ്ഞിരുന്നു. ഇതിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഒരു ഏറ്റുമുട്ടലിലൂടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ടെക്നിഷ്യനെന്ന വ്യാജേന ഇയാൾ ഈ പ്രദേശത്ത് കവർച്ച നടത്തിയിരുന്നതായി സമീപവാസികൾ ആരോപിച്ചു.
സംഭവ സമയം നിഷയുടെ ഭർത്താവ് ഡോ. അജയ് സിംഗാൾ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. വിവരമറിഞ്ഞെത്തിയ അജയ് ആണ് നിഷയെയും കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുമ്പോഴേക്കും നിഷ മരണമടഞ്ഞു. കവർച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതിയെ ചോദ്യം ചെയ്തതിലൂടെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ യു.പി സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടും ചെറുവിരൽ അനക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിലും രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്നതിലും മാത്രമാണ് ശ്രദ്ധ പുലർത്തുന്നതെന്ന് അഖിലേഷ് പറഞ്ഞു.