വാഷിംഗ്ടൺ: ഇന്ത്യൻ - അമേരിക്കൻ വംശജ മാല അഡിഗയെ നിയുക്ത അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിച്ചു. ബറാക് ഒബാമ ഭരണകൂടത്തിൽ നിർണായക പദവിയും സ്വാധീനവും ഉണ്ടായിരുന്ന മാലയെ നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് തത്സ്ഥാനത്തേയ്ക്ക് നിയമിച്ചത്.
ബൈഡന്റെ മുതിർന്ന ഉപദേഷ്ടാവായും ബൈഡൻ -കമലാ ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉപദേഷ്ടാവായും മാല പ്രവർത്തിച്ചിരുന്നു. ബൈഡൻ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ-മിലിട്ടറി ഫാമിലീസ് ഡയറക്ടറായിരുന്ന മാല, ഒബാമ, ബൈഡൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ബ്യൂറോ ഒഫ് എജ്യുക്കേഷനൽ ആൻഡ് കൾചറൽ അഫയേഴ്സിന് കീഴിൽ വരുന്ന അക്കാദമിക് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇവർ പ്രവർത്തിച്ചിരുന്നു. ഇല്ലിനോയിസ് സ്വദേശിയായ മാല ഗ്രിന്നൽ കോളേജ്, യൂണിവേഴ്‌സിറ്റി ഒഫ് മിന്നസോട്ട സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത്, യൂണിവേഴ്‌സിറ്റി ഒഫ് ചിക്കാഗോ ലോ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്.
2008ൽ ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിന് മുമ്പ് ചിക്കാഗോയിലെ നിയമസ്ഥാപനത്തിൽ മാല ജോലി ചെയ്തിരുന്നു.
അതേസമയം, വൈറ്റ്ഹൗസ് ഓഫിസ് ഡയറക്ടറായി കാത്തി റസലിനെയും വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഡയറക്ടറായി ലൂയിസ ടെറൈലിനെയും നിയമിച്ചതായും ബൈഡൻ അറിയിച്ചു. കൂടുതൽ ഇന്ത്യൻ വംശജർ ബൈഡന്റെ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.