വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെയാണ് 78ാം പിറന്നാൾ ആഷോഷിച്ചത്. ജനുവരി 20ന് സ്ഥാനമേൽക്കുന്നതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റ് എന്ന റെക്കോഡ് ബൈഡന് സ്വന്തമാകും.
പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായമേറിയ വ്യക്തി ഡൊണൾഡ് ട്രംപായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 70 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്നെക്കാൾ നാല് വയസ് മാത്രം കൂടുതലുള്ള ബൈഡനെ പലപ്പോഴായി ട്രംപ് കടന്നാക്രമിച്ചത് പ്രായം ചൂണ്ടിക്കാട്ടിയായിരുന്നു. ബൈഡനെ 'ഉറക്കംതൂങ്ങി ജോ' എന്ന ഇരട്ടപ്പേരിലായിരുന്നു ട്രംപ് അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ, പ്രായക്കൂടുതൽ അമേരിക്കയെ നയിക്കുന്നതിന് തനിയ്ക്ക് തടസം സൃഷ്ടിക്കുന്നില്ലെന്നാണ് ബൈഡൻ പറയുന്നത്. ഇപ്പോഴും താൻ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1980ൽ പ്രസിഡന്റ് പദവിയിലേറിയ റൊണാൾഡ് റീഗനായിരുന്നു ട്രംപിന് മുമ്പ് ഏറ്റവും പ്രായമേറിയ അമേരിക്കൻ പ്രസിഡന്റ്. പ്രസിഡന്റാകുമ്പോൾ 69 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
43ാം വയസിലാണ് ജോൺ.എഫ്. കെന്നഡി അമേരിക്കൻ പ്രസിഡന്റാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് അദ്ദേഹം. 1963 നവംബർ 22ന് കൊല്ലപ്പെടുമ്പോൾ 46 വയസായിരുന്നു കെന്നഡിയുടെ പ്രായം.
വില്യം മക്കിൻലിയുടെ മരണത്തിന് ശേഷം 42ാം വയസിൽ തിയോഡോർ റൂസ്വെൽറ്റ് പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു.