ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. ചെന്നൈയിൽ ഇന്ന് മൂന്ന് പരിപാടികളിൽ ഷാ പങ്കെടുക്കും. 4.30ന് എം.ജി.ആറിന്റെയും ജയലളിതയുടെയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പത്ത് മിനിറ്റിന് ശേഷം രണ്ടാം ഘട്ട ചെന്നൈ മെട്രോ റെയിൽ ഉൾപ്പെടെ 67,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടീലും നിർവഹിക്കും.
6 മണിയ്ക്ക് ബി.ജെ.പി നേതാക്കളും ജില്ലാ പ്രതിനിധികളുമായും ഷാ ചർച്ച നടത്തും അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ പറ്റിയുള്ള ചർച്ചകൾ നടക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഷാ ചെന്നൈയിൽ എത്തിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുഗൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ഷായെ സ്വീകരിച്ചു.
It is always great to be in Tamil Nadu. Thank you Chennai for this love and support. https://t.co/pxl5EaZ6on
— Amit Shah (@AmitShah) November 21, 2020
ഇതിനിടെ എയർപോർട്ടിൽ നിന്നും പുറപ്പെട്ട ഉടനെ ജി.എസ്.ടി റോഡിൽ തടിച്ചു കൂടിയ അണികളെ അഭിവാദ്യം ചെയ്യാനായി പ്രോട്ടോക്കോൾ ലംഘിച്ച് ഷാ കാറിന് പുറത്തിറങ്ങിയിരുന്നു. ഷായുടെ വരവിനെ തുടർന്ന് രാവിലെ മുതൽ എയർപോർട്ടിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു ഇവർ. ജി.എസ്.ടി റോഡിലൂടെ ഷാ നടന്നു നീങ്ങുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഷായുടെ വരവിന് മുന്നോടിയായി ചെന്നൈ നഗരം അതീവ സുരക്ഷാ വലയത്തിലാണ്. ഷാ നാളെ ഡൽഹിയിലേക്ക് മടങ്ങും.