ജയ്പൂർ: രാജ്യമാകെ ശ്രദ്ധിച്ച വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ സിവിൽ സർവീസ് ദമ്പതികൾ വേർപിരിയുന്നു. 2015ലെ സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരി ടിന ദബിയും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരൻ അഥർ ഖാനുമാണ് ഉഭയ സമ്മതപ്രകാരം വേർപിരിയാൻ ജയ്പൂർ കുടുംബകോടതിയിൽ അപേക്ഷ നൽകിയത്.
കാശ്മീർ സ്വദേശിയായ അഥർ ഖാനുമായി ടിന ദബി പ്രണയത്തിലാകുന്നത് മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമിയിൽ വച്ചാണ്. സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയാണ് ഭോപാൽ സ്വദേശിയായ ടിന. 2018 ൽ വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരുടെയും വിവാഹത്തിന് ആശംസയുമായി നിരവധിപേർ എത്തിയിരുന്നു.
രാജസ്ഥാൻ കേഡറിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഇരുവരും ജയ്പൂരിലാണ് ജോലി ചെയ്യുന്നത്. നേരത്തെ, ടീന തന്റെ സോഷ്യൽ മീഡിയ പേജിലെ പേരിൽ നിന്ന് 'ഖാൻ" ഒഴിവാക്കി. അഥർ ഇൻസ്റ്റാഗ്രാമിൽ ടിനയെ അൺഫോളോ ചെയ്തു.
ഇതേ തുടർന്ന് ഇരുവരും വേർപിരിയുകയാണെന്ന വാർത്ത വന്നിരുന്നു. പിന്നാലെയാണ് ഡിവോഴ്സ് കേസ് ഫയൽ ചെയ്തത്.