ആശാ ശരത്തും മകള്‍ ഉത്തര ശരത്തും ആദ്യമായി ഒന്നിക്കുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആരംഭിച്ചു. 'കെഞ്ചിര'യ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ ടീം തന്നെയാണ് 'ഖെദ്ദ'യ്ക്ക് പിന്നിലും. ആലപ്പുഴയാണ് പ്രധാന ലോക്കേഷന്‍. എഴുപുന്നയില്‍ ചിത്രീകരണം തുടങ്ങി.
ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. ക്യാമറ - പ്രതാപ് വി നായര്‍, കോസ്റ്റ്യുമര്‍ - അശോകന്‍ ആലപ്പുഴ, എഡിറ്റര്‍ - മനോജ് കണ്ണോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമ്മൂട്, പി.ആര്‍.ഒ - പി.ആര്‍.സുമേരന്‍
'അമീബ', 'ചായില്യം' എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങള്‍. ദിലീപ് നായകനായ 'ശുഭരാത്രി' ആയിരുന്നു ആശ ശരത്തിന്റെ ഒടുവില്‍ ഇറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ 'ദൃശ്യം 2' ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.