മുംബയ്:കൊവിഡ് പ്രാരംഭ ഘട്ടത്തിൽ പ്രതിസന്ധിയിലായി കുത്തനെ ഇടിഞ്ഞ ഇന്ത്യൻ സാമ്പത്തിക രംഗം കരുതുന്നതിലും വേഗത്തിൽ വളർച്ച നേടുമെന്ന് അറിയിച്ച് വിവിധ റേറ്റിംഗ് ഏജൻസികൾ. മാർച്ച് മാസം അവസാനം പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആദ്യപാദത്തിൽ 24 ശതമാനം കുറഞ്ഞു. ചെറിയ തോതിൽ സാമ്പത്തിക വളർച്ചയുണ്ടാകുന്ന അടുത്ത പാദത്തിൽ 12.5 ഇടിവുണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ 10.7 ശതമാനം ഇടിവ് മാത്രമേ ഉണ്ടായുളളൂവെന്ന് എസ്.ബി.ഐ റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
പല മേഖലകളിലും ഭീഷണികളുണ്ടെങ്കിലും കനത്ത നഷ്ടത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് എസ്.ബി.ഐ റിസർച്ച് മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് അറിയിച്ചു. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ളേയ്സ് ഇന്ത്യക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ 8.5 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് ഇത് ഏഴ് ശതമാനം മാത്രമായിരുന്നു. അടുത്ത സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ജി.ഡി.പി നിരക്ക് പൂജ്യത്തിന് മുകളിലെത്തും ഈ സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയുടെ ചുരുക്കം -6.4 ശതമാനമായിരിക്കും. എന്നാൽ നിലവിലെ സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം ഇടിവ് ഇന്ത്യൻ സാമ്പത്തികരംഗത്ത് ഉണ്ടാകുമെന്നാണ് ഇക്രയുടെ റേറ്റിംഗ് സൂചിപ്പിക്കുന്നത്.