ന്യൂഡൽഹി: ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിതകള്‍ നിരന്തരം കത്തിയമരുകയാണ്. ഓരോ മിനിറ്റിലും ആംബുലന്‍സുകളുടെ ശബ്ദം മുഴങ്ങുന്നു. ടോക്കണുകള്‍ അനുസരിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. കൊവിഡ് മൂലം മരിച്ചയാളെ ദഹിപ്പിക്കാന്‍ ശ്മശാനത്തിന് പുറത്ത് ആംബുലന്‍സില്‍ ബന്ധുക്കള്‍ കാത്തുനില്‍ക്കുന്ന കാഴ്ച കാണാം. ഡല്‍ഹിയിലെ പ്രധാന ശ്മശാന കേന്ദ്രമായ നിഗംബോഥ് ഘട്ട് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ഭീതിജനകമായ ഈ കാഴ്ച.
രണ്ടാഴ്ചകളിലായി ദഹിപ്പിച്ചത് നൂറിലധികം മൃതശരീരങ്ങള്‍
കഴിഞ്ഞ രണ്ടാഴ്ചയായി നിഗംബോഥ് ഘട്ടില്‍ നൂറിലധികം മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച 20 ഓളം പേരെ ദിവസവും ദഹിപ്പിക്കും. നവംബര്‍ 18 ന് ഡല്‍ഹിയില്‍ മാത്രം 131 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ നിഗംബോഥ് ഘട്ടില്‍ 30 പേരെയാണ് ദഹിപ്പിച്ചത്.
ശ്മശാനത്തില്‍ 110 മരംകൊണ്ടുള്ള ചിതകളും
ഡല്‍ഹിയിലെ നിഗംബോഥ് ഘട്ടില്‍ ഏകദേശം 110 ഓളം മരംകൊണ്ടുള്ള ചിതകളും നാല് സി.എന്‍.ജി സംസ്‌കരണ യൂണിറ്റുകളും ഉണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹം രാവിലെ 10 മണിയോടെയാണ് വരുന്നതെന്നും അടുത്ത 2, 3 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്മശാനത്തിന്റെ പകുതിയും നിറയുമെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം, ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കാന്‍ പ്രത്യേക വിഭാഗമുണ്ടായിരുന്നു.
മുമ്പ് ഒരു ദിവസം ഒന്നോ രണ്ടോ മൃതദേഹങ്ങള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ സീമാപുരി ഘട്ട് ശ്മശാനത്തിൽ 15ഓളം മൃതദഹേങ്ങള്‍ സംസ്കരിക്കുന്നതായി ശ്മശാന അധികൃതർ അറിയിച്ചു. മാത്രമല്ല, ശ്മശാനങ്ങള്‍ക്ക് മുന്നിലായി പി.പി.ഇ കിറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. 300 രൂപയാണെങ്കിലും പൈസ നല്‍കിയില്ലെങ്കിലും കിറ്റ് ലഭിക്കും. എന്നാല്‍, ചിലര്‍ പി.പി.ഇ കിറ്റ് ധരിക്കാന്‍ തയ്യാറാകാറില്ല, അതോടൊപ്പം മൃതദേഹം കാണണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കൊവിഡ് സ്ഥിരീകരിച്ച ബന്ധുക്കളും മൃതദേഹത്തോടൊപ്പം ശ്മശാനത്തില്‍ വരുന്ന കേസുകളുമുണ്ട്.