tibet

ന്യൂയോർക്ക് : ചൈന പുറത്താക്കിയ ടിബറ്റൻ ഭരണകൂടത്തിൻറെ തലവൻ ലൊബ്സാംഗ് സാൻഗെയ് ആദ്യമായി യു.എസിലെ വൈറ്റ് ഹൗസിൽ സന്ദർശനം നടത്തി. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ടിബറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശനം നടത്തുന്നത്. യു.സ് - ചൈന ബന്ധം വഷളാകുന്നതിനിടെയാണ് വൈറ്റ് ഹൗസിൽ ടിബറ്റൻ നേതാവുമായി ചർച്ച നടന്നത്.

സെൻട്രൽ ടിബൻ അഡ്മിനിസ്ട്രേഷന്റെ പ്രസിഡന്റായ സാൻഗെയ്‌യുടെ സന്ദർശനം ചരിത്രപരമായ ചുവടുവയ്‌പാണെന്നാണ് വൈ‌റ്റ്ഹൗസ് അധികൃതർ വ്യക്തമാക്കിയത്. കഴിഞ്ഞ മാസം,​ ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി അമേരിക്ക നിയമിച്ച റോബർട്ട് ഡെസ്ട്രോയുമായി സാൻഗെയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആറുപത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ടിബറ്റൻ നേതാവുമായി ചർച്ച നടത്തിയത്.

സാൻഗെയ്‌യുമായി നടത്തിയ ചർച്ചാവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 2011ൽ സെൻട്രൽ ടിബൻ അഡ്മിനിസ്ട്രേഷന്റെ തലവനായതിന് പിന്നാലെ ഒരു ഡസനിലേറെ തവണ സാൻഗെയ്‌ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി വെളിപ്പെടുത്താത്ത സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ആഴ്ചയും സാൻഗെയ്‌ യു.എസ് ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നു.

അതേ സമയം, ടിബറ്റൻ നേതാക്കളെ കൂടെ നിറുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാൻ യു.എസ് ശ്രമിക്കുന്നതായാണ് ചൈനീസ് ഭരണകൂടം ആരോപിക്കുന്നത്.