chhattisgarh

ഭോപ്പാൽ : രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുത്തനെ ഉയരുന്നതിനിടെയിലും മാസ്കോ സാമൂഹ്യ അകലമോ ഇല്ലാതെ ആചാരാനുഷ്ഠാനങ്ങൾക്ക് വേണ്ടി ഒത്തുകൂടി ജനങ്ങൾ. ഛത്തീസ്ഗഢിൽ എല്ലാ വർഷവും നടക്കുന്ന മദായി മേള ഇത്തവണയും മുടക്കമില്ലാതെ നടന്നതിന്റെ ദൃശ്യമാണിത്.

ദീപാവലി കഴിഞ്ഞുള്ള ആദ്യത്തെ ശനിയാഴ്ചയാണ് ഈ ഉത്സവം നടക്കുന്നത്. റായ്പൂരിന് തെക്ക് 66 കിലോമീറ്റർ അകലെയുള്ള ദംതാരി ജില്ലയിലാണ് കൊവിഡിനെ വകവയ്ക്കാതെ ഈ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ആൺകുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ദമ്പതിമാർക്കിടെയിൽ ഏറെ പ്രചാരമുള്ള ആഘോഷമാണിത്.

പ്രദേശവാസികളുടെ വിശ്വാസമനുസരിച്ച്, ആൺ കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ദംതാരിയിലെ അങ്കർമോതി ദേവി ക്ഷേത്രത്തിലെത്തി മുടി അഴിച്ചിട്ട് നിലത്ത് കമഴ്ന്ന് കിടക്കണം. ഇന്നേരം ബൈഗ ഗോത്രവർഗത്തിൽപ്പെട്ടവർ സ്ത്രീകളുടെ മുകളിലൂടെ നടക്കും. ഈ വഴിപാടിലൂടെ ആഗ്രഹം സഫലമാകുമെന്നാണ് ഇവരുടെ വിശ്വാസം. ഇത്തവണ കൊവിഡിനെ വകവയ്ക്കാതെ വഴിപാടിനായി മാസ്ക് പോലുമില്ലാതെ 200 ലേറെ സ്ത്രീകളാണ് ക്ഷേത്രത്തിൽ എത്തിയത്.

യാതൊരു സാമൂഹ്യ അകലവുമില്ലാതെയാണ് ചടങ്ങുകൾ നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഗോവർധൻ പൂജയുടെ ഭാഗമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചാട്ടവാറ് കൊണ്ടുള്ള അടി വാങ്ങുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു ഈ ആചാരം. അന്നും നിരവധി പേർ മാസ്കില്ലാതെ ഭൂപേഷ് ബാഗേലിന്റെ ചുറ്റും കൂടി നിന്നിരുന്നു.

അതേ സമയം, ദംതാരിയിലെ അങ്കർമോതി ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങ് പ്രാദേശിക ഭരണകൂടത്തിൽ നിന്നും അനുമതി വാങ്ങാതെ നടത്തിയതാണെന്ന് ജില്ലാ കളക്ടർ ജയ് പ്രകാശ് മൗര്യ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.