തമിഴിൽ തൃഷയോടൊപ്പം അഭിനയിച്ച അനശ്വര രാജൻ
തെലുങ്കിലും അരങ്ങേറാൻ ഒരുങ്ങുകയാണ്
തമിഴിൽ തൃഷയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്?
തമിഴിലെ എന്റെ ആദ്യത്തെ പ്രോജക്ട് തന്നെ തൃഷമാമിനെപ്പോലെ വലിയൊരു ആർട്ടിസ്റ്റിനൊപ്പമായത് ഭാഗ്യമാണ്. എങ്കെയും എപ്പോതും ചെയ്ത എം. ശരവണൻ സാറാണ് സംവിധായകൻ. നിർമ്മാണം ലൈക്കാ പ്രൊഡക്ഷൻസും. അത്രയും വലിയ ഒരു ടീമിനോടൊപ്പം തമിഴിൽ തുടങ്ങാൻ സാധിച്ചു.റാങ്കി എന്നാണ് ആ സിനിമയുടെ പേര്. പൈത്യക്കാരി അല്ലെങ്കിൽ കിറുക്കിയെന്നൊക്കെയാണ് ആ വാക്കിന്റെയർത്ഥം. ഷൂട്ടിംഗ് കഴിഞ്ഞ ട്രെയിലറും റിലീസായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോഴാണ് ലോക് ഡൗൺ വന്നത്.കുട്ടിക്കാലം തൊട്ടേ തമിഴ് സിനിമകൾ പതിവായി കാണാറുണ്ടായിരുന്നത് കൊണ്ട് തമിഴ് അറിയാം. കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യും.തൃഷമാം വളരെ സപ്പോർട്ടിവായിരുന്നു. ചെന്നൈയിലും ഉസ്ബക്കിസ്ഥാനിലുമായിരുന്നു റാങ്കിയുടെ ഷൂട്ടിംഗ്. ഞങ്ങൾ ചെല്ലുമ്പോൾ ഉസ്ബകിസ്ഥാനിൽ കൊടും തണുപ്പായിരുന്നു. മൈനസ് നാല് ഡിഗ്രിക്കും താഴെ. പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഞാനാകെ ഡൗണായി. ആദ്യ ഷെഡ്യൂളിന് പ്രശ്നമുണ്ടായിരുന്നില്ല. രണ്ടാമത്തെ ഷെഡ്യൂളിലായിരുന്നു പ്രശ്നം. കട്ടിയുള്ള കോസ്റ്റ്യുമായിരുന്നു എന്റേതെങ്കിലും സ്വെറ്ററൊന്നുമുണ്ടായിരുന്നില്ല. പല സീനുകളുമെടുക്കുമ്പോൾ ഞാൻ കിടുകിടാ വിറയ്ക്കുകയായിരുന്നു. ആ സമയത്തൊെക്കെ തൃഷമാം എന്നെ ഒരുപാട് കെയർ ചെയ്തു.
അനശ്വരയ്ക്ക് ഭയങ്കര ജാടയാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്?
അങ്ങനെ പറയുന്നവർ എന്നെക്കുറിച്ച് ഒന്നുമറിയാത്തവരാണ്. സ്ക്രീനിൽ കണ്ട എന്തെങ്കിലും കൊണ്ടോ നമ്മൾ മനഃപ്പൂർവമല്ലാതെ പറയുന്ന എന്തെങ്കിലും ആയിരിക്കാം ജാടയാണെന്ന തോന്നൽ അവർക്കുണ്ടായിട്ടുള്ളത്.
ഉദാഹരണം സുജാത കഴിഞ്ഞ് എന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ എനിക്ക് അത്തരമൊരു അനുഭവമുണ്ടായി. ആദ്യ സിനിമ കണ്ട് ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞതിന്റെ ഹാങ് ഓവറിലായിരുന്നു ഞാൻ.
ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പണ്ടേ എനിക്ക് ഇഷ്ടമല്ല. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ എല്ലാരും പുറത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു. ''അയ്യോ ഞാനില്ല""യെന്ന് പറഞ്ഞ് ഞാനും പുറത്തേക്ക് പോയി.
''പിറ്റേ ദിവസം ആ ഫോട്ടോഗ്രാഫർ എഫ്.ബിയിൽ പോസ്റ്റിട്ടു. ഒരു സിനിമയിലഭിനയിച്ച കുട്ടിയെക്കണ്ടു. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആയിരം സിനിമയിലഭിനയിച്ച ജാടയോടെ ആ കുട്ടി മുഖം വക്രിച്ച് തിരിഞ്ഞ് നടന്നു. 'സ്വപ്ന ലോകത്ത് നിൽക്കുന്ന മാതാപിതാക്കളായിരിക്കണം കുട്ടിക്ക് വിഷം കുത്തിനിറയ്ക്കുന്നത് "എന്നൊക്കെയായിരുന്നു പോസ്റ്റ്. അത് കണ്ട് എനിക്ക് ഭയങ്കര വിഷമമായി. അമ്മയ്ക്കും വിഷമമായി. പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമറിഞ്ഞിരുന്ന ഞാൻ അപ്പോഴാണ് നെഗറ്റീവ് വശവും അറിഞ്ഞ് തുടങ്ങിയത്. നമ്മൾ ചെയ്യുന്നതെല്ലാം ശ്രദ്ധിക്കാനും വിമർശിക്കാനും കുറേപ്പേരുണ്ടെന്ന് മനസിലായി.
പഠിച്ച സ്കൂളിലെ ടീച്ചർമാരും അനശ്വര ജാടക്കാരിയാണെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട് ?
ഇപ്പോൾ ഞാൻ പഠിക്കുന്നത് നാട്ടിൽ വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ളസ് വണ്ണിന്. എൽ.കെ.ജി മുതൽ ഞാൻ പഠിച്ചിരുന്ന സ്കൂളുണ്ട്. അഞ്ചാം ക്ളാസായപ്പോൾ ഗേൾസ് സ്കൂളിലായി. പത്തുവരെ അവിടെയാണ് പഠിച്ചത്. അവിടത്തെ ചില ടീച്ചർമാർ എന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പത്താംക്ളാസ് പരീക്ഷയെഴുതി കഴിഞ്ഞയുടൻ ഞാൻ തണ്ണീർ മത്തനിലഭിനയിക്കാൻ പോകുകയായിരുന്നു.
പഠിക്കാൻ മിടുക്കിയാണോ?
ഏയ് ആവറേജാണ്.
ശരിക്കുള്ള അനശ്വര എങ്ങനെയാണ്? പാവം കുട്ടിയാണോ? അതോ ബോൾഡാണോ?
ഞാൻ അത്യാവശ്യം ബോൾഡാണ്. എനിക്കിഷ്ടമല്ലാത്ത എന്തെങ്കിലും അവസരങ്ങളിൽ നോ പറയേണ്ടിടത്ത് നോ പറയും. ഏറെക്കുറെ ഞാൻ ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനെപ്പോലെയാണ്.
ജീവിതത്തിൽ സിനിമ വരുത്തിയ മാറ്റങ്ങളെന്തൊക്കെയാണ്?
എന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാൽ വല്ലാതെ വേദനിച്ചിരുന്നയാളായിരുന്നു ഞാൻ. പെട്ടെന്ന് വിഷമമാകും. ഞാനത് പറഞ്ഞവരോട് പോയി ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നെക്കുറിച്ച് മാത്രമല്ല എനിക്കിഷ്ടമുള്ളവരെക്കുറിച്ച് പറഞ്ഞാലും ഞാൻ പോയി ചോദിക്കുകയും വഴക്കിടുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴാ സ്വഭാവം മാറി. നല്ലത് പറഞ്ഞാൽ സ്വീകരിക്കും. അല്ലെങ്കിൽ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയും. നെഗറ്റീവ്സിനെ ഒഴിവാക്കാൻ പഠിച്ചു. പോസിറ്റീവിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത് എനിക്ക് വന്ന വലിയ ഒരു മാറ്റമാണ്. പുറത്തു പോകുമ്പോൾ ആൾക്കാർ ശ്രദ്ധിക്കുമെന്നറിയാം. അതുകൊണ്ടാണ് കുറേക്കൂടി സൂക്ഷിച്ചേ പെരുമാറാറുള്ളൂ.എന്നെ അനശ്വര എന്ന് വിളിക്കുന്നതിനേക്കാൾ ആളുകൾ കീർത്തിയെന്നാണ് വിളിക്കാറ്.
കുടുംബം?
അച്ഛൻ രാജൻ കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ചു. അമ്മ ഉഷ അങ്കണവാടി ടീച്ചറാണ്. ചേച്ചി ഐശ്വര്യ ഡിഗ്രി കഴിഞ്ഞ് ബാങ്ക് എക്സാമിന് പ്രിപ്പയർ ചെയ്യുന്നു. അമ്മ കുട്ടികളോടൊക്കെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് സംസാരിക്കാറ്. പക്ഷേ വീട്ടിൽ വന്ന് ഞങ്ങളെയൊക്കെ വഴക്ക് പറയുമ്പോൾ ഞാൻ ചോദിക്കാറുണ്ട് അമ്മയ്ക്ക് കുട്ടികളോട് സംസാരിക്കുമ്പോലെ ഞങ്ങളോട് സംസാരിച്ചൂടേയെന്ന്.