ഹൈദരാബാദ് : മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഖൗസ് അന്തരിച്ചു. അമ്പത്തിമ്മൂന്ന് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സിറാജ് ഇപ്പോൾ ടീമിനൊപ്പം സിഡ്നിയിലാണുള്ളത്. അതേസമയം പിതാവിന്റെ മരണാനരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സിറാജിന് നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അദ്ദേഹം ആസ്ട്രേലിയയിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം. നിലവിൽ ക്വാറന്റൈനിലായിരിക്കുന്നതുകൊണ്ടാണ് താരത്തിന് നാട്ടിലേക്ക് വരാൻ കഴിയാത്തത്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് സിറാജ് പിതാവിന്റെ മരണവിവരം അറിഞ്ഞത്. ക്യാപ്ടൻ വിരാട് കൊഹ്‌ലിയും രവി ശാസ്ത്രിയുമാണ് ഈ ദുഃഖവാർത്ത സിറാജിനെ അറിയിച്ചത്. ഈ മാസം പതിനേഴിനാണ് ടെസ്റ്റ് പരമ്പരയാരംഭിക്കുന്നത്.ആസ്ട്രേലിയൻ പര്യടനത്തിനെത്തിയിരിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ 14 ദിവസത്തെ ക്വാറന്റൈനിലാണിപ്പോൾ.
സിറാജ് ക്രിക്കറ്ററായി കാണാൻ ഏറ്രവും കൂടുതൽ ആഗ്രഹിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന പിതാവ് ഖൗസായിരുന്നു. തുച്ഛവരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് മകന്റെ ആഗ്രഹ സഫലീകരണത്തിനായി എല്ലാ പിന്തുണയും നൽകിയ ഖൗസിന്റെ വേർപാട് ക്രിക്കറ്റ് പ്രേമികളെയാകെ ദുഃഖത്തിലാഴ്ത്തി. സിറാജിന്റെ മാതാവ് ഷഹബാന ബീഗവും സഹോദരൻ ഇസ്‌മയീലുമാണ് നാട്ടിലിപ്പോഴുള്ളത്.
കഴിഞ്ഞ ഒക്ടോബർ 21ന് ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെതിരെ സിറാജ് സ്വപ്നതുല്യമായ പ്രകടനം പുറത്തെടുക്കുമ്പോൾ പിതാവ് ആശുപത്രിയിലായിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും വീണ്ടും ആരോഗ്യം വഷളാവുകയായിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും പിന്തുണയുമാണ് നഷ്‌ടപ്പെട്ടത്. രാജ്യത്തിനുവേണ്ടി ഞാൻ കളിക്കുന്നതും നാടിന്റെ അഭിമാനം ഉയർത്തുന്നത് കാണാനുമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും സ്വപ്‌നം കണ്ടിരുന്നതും. അദ്ദേഹത്തെ സന്തോഷിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പരിശീലകൻ രവി ശാസ്‌ത്രിയും നായകൻ കോഹ്‌ലിയുമാണ് എന്നോട് പിതാവിന്റെ മരണവാർത്ത അറിയിച്ചത്. ധെെര്യമായിരിക്കാനും ഒപ്പമുണ്ടെന്നും അവർ എനിക്ക് കരുത്ത് നൽകി.
മുഹമ്മദ് സിറാജ്