ജനീവ: കൊവിഡിനെതിരെ മരുന്നായി അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ഗിലെഡ് സയൻസസ് കമ്പനിയുടെ റെംഡെസിവിറിനെ പ്രീ ക്വാളിഫിക്കേഷൻ (പി.ക്യു) ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. റെംഡെസിവിർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കൊവിഡ് രോഗികളിൽ മരുന്ന് ഫലപ്രദമാകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് റെംഡെസിവിർ മരുന്ന് സസ്പെൻഡ് ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച വ്യക്തമാക്കുകയായിരുന്നു. ഗുരുതരമായ കൊവിഡ് രോഗികളിലും റെംഡെസിവിറിന്റെ ഉപയോഗം യാതൊരു മാറ്റവും കൊണ്ടുവരുന്നില്ല. മരുന്ന് ഫലപ്രദമാണെന്നതിന് യാതൊരു തെളിവില്ലെന്നും ഡബ്ല്യിയു.എച്ച്.ഒ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ച സാഹചര്യത്തിലാണ് റെംഡെസിവിറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. റെംഡെസിവിറിനെ ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ലോകാരോഗ്യ സംഘടന വക്‌താവ് താരിക് ജസാരെവിക് ഇ - മെയിലിലൂടെയാണ് അറിയിച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വൻകിട കമ്പനികൾ മരുന്ന് നൽകുന്നുണ്ടോ എന്ന് ലോകാരോഗ്യ സംഘടനയ്ക്ക് അറിയില്ലെന്ന് താരിക് പറഞ്ഞു. ചികിത്സാ മാർഗനിർദേശങ്ങൾ പ്രകാരം കൊവിഡ് പ്രതിരോധത്തിനായി മരുന്ന് വാങ്ങാൻ ലോകാരോഗ്യ സംഘടന ശുപാർശകൾ നടത്തുന്നില്ല എന്നതിന്റെ സൂചനയാണ് നിലവിലെ നടപടിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
എബോളയ്ക്കെതിരെ അമേരിക്കൻ ബയോടെക്‌നോളജി കമ്പനിയായ ഗിലെഡ് സയൻസസ് 2014ൽ പുറത്തിറക്കിയതാണ് റെംഡെസിവർ. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഈ മരുന്ന് നൽകാവുന്നതാണെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതോടെ റെംഡെസിവിറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തിയിരുന്നു. ഇതിനിടെയാണ് മരുന്നിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.