മുംബയ് : പ്രശസ്ത നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വിവാഹിതനായെന്ന് റിപ്പോർട്ട്. പ്രഭുദേവയുടെ വിവാഹം കഴിഞ്ഞതായി ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്. മുംബയിൽ ജോലി ചെയ്യുന്ന ഫിസിയോതെറാപ്പിസ്‌റ്റ് ഡോ. ഹിമാനിയുമായി മേയിൽ പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്നാണ് വിവരം.
താരത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നാണ് സൂചന. പുറംവേദനയുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്കിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. വാർത്തയോട് പ്രഭുദേവയോ താരത്തിന്‍റെ മാനേജറോ പ്രതികരിച്ചിട്ടില്ല.
എന്നാൽ പ്രഭുദേവയുടെ വിവാഹ വാർത്ത സഹോദരൻ രാജു സുന്ദരം ദേശീയ മാദ്ധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭുദേവ രണ്ടാമതും വിവാഹിതനാകുന്നുവെന്നും സഹോദരിയുടെ മകളാണ് വധുവെന്നും തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് താരത്തിന്റെ വിവാഹം മേയിൽ നടന്നതായുള്ള വിവരം പുറത്തുവരുന്നത്. ആദ്യ ഭാര്യ റംലത്തിൽ പ്രഭുദേവയ്ക്ക് രണ്ട് ആൺമക്കളുമുണ്ട്. നടി നയൻതാരയുമായി പ്രണയത്തിലായതോടെയാണ് റംലത്തിൽ നിന്നും പ്രഭുദേവ വിവാഹമോചനം നേടിയത്. എന്നാൽ പിന്നീട് നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു.