കറാച്ചി: വിമാനത്തിലുണ്ടായിരുന്ന പ്രവാസി യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് റിയാദിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരികയായിരുന്ന വിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തരമായി ഗോ എയർവിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് അനുമതി തേടുകയായിരുന്നു. അതേസമയം, യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല.ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരണപ്പെട്ടതെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. വർഷങ്ങളായി സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വർഷങ്ങൾക്കു ശേഷമാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്.
വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും യാത്രക്കാരൻ മരിക്കുകയായിരുന്നുവെന്ന് ഗോ എയർ അറിയിച്ചു.
ജീവനക്കാർ വിമാനം ലാൻഡ് ചെയ്യുന്നതു വരെ എ.ഇ.ഡി യന്ത്രം ഉപയോഗിച്ച് യാത്രക്കാരന് സി.പി.ആർ നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ വ്യക്തമാക്കി.