tamil-nadu

ചെന്നൈ: കൊവിഡ് രോഗത്തെ നിയന്ത്രവിധേയമാക്കുന്നതിൽ തമിഴ്‌നാട് സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും രോഗപരിശോധനകളുടെ തോതും രോഗമുക്തി നിരക്കും കണക്കിലെടുക്കുമ്പോഴും തമിഴ്നാട് കൊവിഡിനെതിരെ മികച്ച പ്രതിരോധമാണ് തീർത്തതെന്ന് മനസിലാക്കാൻ കഴിയുമെന്നും ഷാ അഭിപ്രായപ്പെട്ടു.

തന്റെ രണ്ടുനാൾ നീണ്ട ചെന്നൈ സന്ദർശനത്തിനിടെ, കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം ഈ പദ്ധതികളുടെ ഗുണഫലങ്ങൾ തമിഴ്‍നാടിനും ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 45 ലക്ഷം വരുന്ന കർഷകർക്കായി നരേന്ദ്രമോദി സർക്കാർ 4,000 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ 'ഉജ്ജ്വല' പദ്ധതി വഴി സംസ്ഥാനത്തെ നിരവധി സ്ത്രീകൾക്ക് ഗുണഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.

കേന്ദ്രം സ്വീകരിച്ച നടപടികൾ കാരണം ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

എൻ.ഡി.എ സർക്കാരും പ്രധാനമന്ത്രി മോദിയും തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എ.ഐ.എ.ഡി.എം.കെ എൻ.ഡി.എയോടൊപ്പം തന്നെ ഉണ്ടാകുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം വ്യക്തമാക്കിയിരുന്നു. 2021ലാണ് തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.