election

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മത്സരിച്ചുള്ള അന്വേഷണങ്ങളും അതേച്ചൊല്ലി മുന്നണികൾ തമ്മിലുള്ള പോർവിളികളും തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ എരിപൊരി കൊള്ളിക്കുന്നു.

സ്വർണക്കടത്ത് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്തി മറ്റു പലതിലും അന്വേഷണം മുറുക്കുകയും അതിനെ യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയായുധമാക്കുകയും ചെയ്യുമ്പോൾ, വിജിലൻസിനെയും ക്രൈംബ്രാഞ്ചിനെയുമിറക്കി പ്രതിപക്ഷത്തെ വെട്ടിലാക്കുകയാണ് സർക്കാർ.

ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണത്തിന് വിജിലൻസിന് മുഖ്യമന്ത്രി അനുമതി നൽകിയതോടെ പരസ്പരമുള്ള ആക്രമണം ഒന്നുകൂടി കനത്തു. പാലാരിവട്ടം കേസിൽ വി.കെ. ഇബ്രാഹിംകുഞ്ഞും ജുവലറി തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീനും അറസ്റ്റിലായതിനു പിന്നലെ ചെന്നിത്തലയ്ക്കെതിരെയുള്ള സർക്കാർ നീക്കം, 'അഴിമതിക്കെതിരെ ഒരു വോട്ട്" മുദ്രാവാക്യമുയർത്തി തദ്ദേശപ്പോരിനിറങ്ങിയ യു.ഡി.എഫിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇതിനെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം. ബാർകോഴക്കേസിലെ അന്വേഷണനീക്കത്തിനെതിരെ നിയമനടപടിക്കും അവർ തയാറെടുക്കുന്നു.

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നെന്ന് മനസിലാക്കുന്ന സി.പി.എം, മുൻകൂട്ടി തടയിടാനുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നീക്കമാരംഭിച്ചിരിക്കുന്നത്. ലൈഫ് മിഷനും ഇ-മൊബിലിറ്റിയും കെ-ഫോണുമടക്കം വൻകിട പദ്ധതികളെ തകർക്കാനുള്ള നീക്കമാണ് ബി.ജെ.പി ഒത്താശയോടെ കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന പ്രചാരണം പൊതുജനമദ്ധ്യത്തിലുയർത്തിക്കാട്ടും. ബി.ജെ.പിക്ക് യു.ഡി.എഫ് ഒത്താശ ചെയ്യുന്നെന്ന ആരോപണവും ശക്തമാക്കും.

കിഫ്ബി പദ്ധതികളെ അട്ടിമറിക്കാൻ സി.എ.ജിയെ കരുവാക്കുന്നുവെന്ന് പ്രചരിപ്പിക്കുക വഴി സി.എ.ജി റിപ്പോർട്ട് നിയമസഭയിലെത്തും മുമ്പേ അതിലെ രാഷ്ട്രീയം ചർച്ചയാക്കുകയെന്ന തന്ത്രമാണ് സി.പി.എമ്മിന്റേത്. സി.എ.ജി റിപ്പോർട്ട് സർക്കാരിനെയും ധനമന്ത്രിയെയും പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവാണ് ഒരു മുഴം മുമ്പേ എറിയാൻ മന്ത്രി തോമസ് ഐസക്കിനെ പ്രേരിപ്പിച്ചത്. വിദേശവായ്പ സ്വീകരിക്കാൻ കിഫ്ബിക്ക് അനുവാദമില്ലെന്ന സി.എ.ജി വാദത്തിനും കരടിലില്ലാത്തത് അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനുമെതിരെ നിയമനടപടിക്കും നീക്കമാരംഭിച്ചു. പ്രഗല്ഭനായ ഫാലി എസ്. നരിമാനിൽ നിന്നുതന്നെ നിയമോപദേശം തേടാനുള്ള തീരുമാനം സി.പി.എമ്മും സർക്കാരും രണ്ടും കല്പിച്ചാണെന്ന് വ്യക്തമാക്കുന്നു.

കേന്ദ്ര ഏജൻസികൾക്കും സി.എ.ജിക്കുമെതിരായ രാഷ്ട്രീയപ്രചാരണവും എൽ.ഡി.എഫ് സമാന്തരമായി കനപ്പിക്കും. ഇതിന്റെ ഭാഗമായാണ് 25ന് നിശ്ചയിച്ചിരിക്കുന്ന ബഹുജനസമരം. കരടിലില്ലാത്തത് അന്തിമ റിപ്പോർട്ടിലുൾപ്പെടുത്തിയതിനെ എതിർക്കുന്ന സി.പി.എം, പാമോയിൽ കേസിൽ കെ.കരുണാകരനെ വേട്ടയാടിയത് സമാന റിപ്പോർട്ടിന്റെ പേരിലല്ലേയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ധനമന്ത്രിക്കെതിരായ അവകാശലംഘന നീക്കങ്ങൾ ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

ബാർകോഴക്കേസിലെ പുതിയ നീക്കം സർക്കാരിനു തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. തങ്ങൾക്കെതിരെ തിരിയുന്ന സർക്കാർ, കേസ് തേച്ചുമായ്ച്ചു കളയാൻ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ ജോസ് കെ.മാണിക്കെതിരെ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ലെന്നും ചോദിക്കുന്നു. ജോസ് പക്ഷത്തെ അസ്വസ്ഥമാക്കുംവിധം മാണിക്കെതിരെ മുമ്പുയർന്ന കോലാഹലങ്ങളടക്കം ഉപയോഗിക്കാനാണ് യു.ഡി.എഫ് നീക്കം. അതേസമയം, സോളാർ കേസിലും അന്വേഷണം മുറുക്കാനുള്ള അണിയറനീക്കത്തിലാണ് സർക്കാർ.