amit-shah

ചെന്നൈ: ബി.ജെ.പി വാഗ്‌ദാനം ചെയ്‌ത പതിനഞ്ച് ലക്ഷം രൂപ ലഭിച്ചില്ലെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ വൃദ്ധൻ അറസ്റ്റിൽ. 67-കാരനായ ദുരൈരാജാണ് അണികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് പ്ലക്കാർഡ് എറിഞ്ഞത്.റോഡിലിറങ്ങി അണികളെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിതാഷ‌യ്ക്ക് നേരെ ആപ്രതീക്ഷിത പ്രതിഷേധമുണ്ടായത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് അമിത് ഷാ തമിഴ്‌‌നാട്ടിൽ സന്ദർശനം നടത്തിയത്. വിമാനത്താവളത്തിലിറങ്ങി സുരക്ഷാവ്യൂഹത്തിനൊപ്പം പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി അമിത്‌ ഷാ വാഹനത്തിൽ നിന്ന് റോഡിലിറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്‌തത്. പാർട്ടി പ്രവർത്തകരെ കെെവീശികാണിച്ച് റോഡിലൂടെ നടന്ന് നീങ്ങുന്നതിനിടെ ദുരൈരാജ് അമിത് ‌ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിയുകയായിരുന്നു.

'ഗോ ബാക്ക് അമിത്ഷാ' എന്ന് എഴുതിയ പ്ലക്കാർഡാണ് ദുരൈരാജ് അമിത് ഷായ്ക്ക് നേരെ എറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ലക്കാർഡ് ഷായുടെ ദേഹത്ത് വീണില്ല.പിന്നാലെ ദുരൈരാജിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.2014-ൽ ബി.ജെ.പി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം കിട്ടാത്തതിൽ പ്രതിഷേധച്ചാണ് അമിത് ‌ഷായ്‌ക്കെതിരെ പ്ലക്കാർഡ് എറിഞ്ഞതെന്നും ദുരൈരാജ് പൊലീസിനോട് പറഞ്ഞു.

കേന്ദ്രആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ആദ്യമായാണ് തമിഴ്‌നാട്ടിലെത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടെത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്. അമിത് ഷായുടെ സന്ദർശത്തിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.