nazriya-fahad

നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക് അരങ്ങേറുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 'അന്റെ സുന്ദരനികി' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. നാനിയുടെ 28-ാം സിനിമയുടെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയാണ്.


വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. ഫഹദിനൊപ്പം അഭിനയിച്ച ട്രാന്‍സ് ആണ് നസ്രിയ അഭിനയിച്ച അവസാന ചിത്രം. നസ്രിയ ഇപ്പോള്‍ നിര്‍മ്മാണ രംഗത്തും സജീവമാണ്.

മൈത്രി മൂവി മേക്കേഴ്‌സാണ് 'അന്റെ സുന്ദരനികി' എന്ന നിര്‍മ്മിക്കുന്നത്. 2021 ല്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇക്കൊല്ലം നടക്കാതെ പോയ ചില തമാശകള്‍ അടുത്ത വര്‍ഷം കാണാം എന്ന ഉറപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.


നാനിയുടെ ഇരുപത്തിയെട്ടാം ചിത്രത്തിന്റെ കര്‍ട്ടന്‍ റെയിസറാണ് ഇതെന്നും ഹാഷ്ടാഗിലൂടെ അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. മ്യൂസിക് റൊമാന്റിക് കോമഡി ചിത്രമായാണ് 'അന്റെ സുന്ദരനികി' ഒരുക്കുന്നത്. ഒരു യഥാര്‍ത്ഥ കഥയുടെ ചുവടു പിടിച്ചാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.


പരമ്പരാഗത വസ്ത്രമായ 'പഞ്ചെക്കട്ടെ' അണിഞ്ഞാണ് ടൈറ്റില്‍ പോസ്റ്ററില്‍ നാനിയുടെ കാരക്ടര്‍ സ്‌കെച്ച്. വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഇടുന്നത്. രവിതേജ ഗിരിജലയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നികേത് ബൊമ്മിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നവീന്‍ യേര്‍നേരിയും രവിശങ്കര്‍ വൈയ്യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'വി' ആണ് നാനിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.