ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
ചെന്നൈ മെട്രോ രണ്ടാം ഘട്ടം ഉൾപ്പെടെ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് അമിത് ഷാ തുടക്കം കുറിക്കും. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത അമിത് ഷാ ഇരുവരുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പിയുമായുള്ള എ.ഡി. എം. കെ സഖ്യം തുടരുമെന്ന് ചടങ്ങിൽ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം പ്രഖ്യാപിച്ചു.
ബി.ജെ.പി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളും ഉണ്ടെങ്കിലും നിർണായക സഖ്യ ചർച്ചകളാണ് ഷായുടെ പ്രധാന അജൻഡയെന്നാണ് വിവരം. സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എം.കെ. അഴഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ, പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻ.ഡി.എയിൽ ചേരാനാണ് തീരുമാനം. അഴഗിരിയുടെ വിമത നീക്കങ്ങൾ ഡി.എം.കെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ. അതേസമയം. അമിത് ഷാ സൂപ്പർതാരം രജനീകാന്തിനെ സന്ദർശിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായി.
അതിനിടെ അമിത് ഷായെ പ്ളക്കാർഡ് എറിഞ്ഞ ചെന്നൈ സ്വദേശി ദുരൈരാജ് എന്ന 67കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ജി.എസ്.ടി റോഡിൽ തടിച്ചുകൂടിയ ബി.ജെ.പി - എ. ഡി. എം. കെ അണികളെ വാഹനത്തിൽ നിന്നിറങ്ങി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ' ഗോ ബാക്ക് അമിത് ഷാ" എന്നെഴുതിയ പ്ളക്കാർഡ് എറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ളക്കാർഡ് ഷായുടെ ദേഹത്തു വീണില്ല. ബി.ജെ.പി 2014ൽ വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടാത്തതിലെ പ്രതിഷേധമാണിതെന്ന് ദുരൈരാജ് പൊലീസിനോട് പറഞ്ഞു.