പത്തനംതിട്ട: വളളിക്കോട് കോട്ടയം സെന്റ് മേരീസ് പളളി ഏറ്റെടുക്കാനുളള ഒാർത്തഡോക്സ് വിഭാഗം നീക്കത്തിനെതിരെ പള്ളിയിലേക്കുള്ള വഴി പൊളിച്ച് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വൈദികൻ എത്തുമെന്ന സൂചനയെതുടർന്നാണ് ഇന്നലെ രാവിലെ പതിനൊന്നോടെ യാക്കോബായ വിഭാഗം സംഘടിച്ചത്. സ്ത്രീകളുൾപ്പെടെ നിരവധി വിശ്വാസികൾ എത്തിയിരുന്നു. ചിലർ വെളളിയാഴ്ച രാത്രിയിൽ പള്ളിയിൽ ക്യാമ്പ് ചെയ്തു. കവാടത്തിലെ വഴിയിലെ ഇന്റർലോക്ക് കട്ടകൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് വാഹനങ്ങൾക്കുള്ള വഴി തടഞ്ഞു. പള്ളിക്കുള്ളിലെ മാർബിളും പൊളിച്ച നിലയിലായിരുന്നു. ഫർണിച്ചറുകൾ എടുത്തുകൊണ്ടുപോയി. കൊടിമരത്തിലെ പിച്ചള ഇളക്കിയെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് പ്രവേശനകവാടവും മാർബിളും പൊളിച്ചതെന്നും പളളി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു.
ഓർത്തഡോക്സ് വിഭാഗം എത്തില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ പിരിഞ്ഞുപോയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. ബലപ്രയോഗത്തിലൂടെ നടപടികളുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. കോടതി വിധി നടപ്പാക്കാൻ ജില്ലാ കളക്ടർ നേരത്തെ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംഘർഷമുണ്ടാക്കി പള്ളിയിൽ കയറാനില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഒാർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം അധികൃതർ വ്യക്തമാക്കി. 1907-ൽ സ്ഥാപിതമായതാണ് വി.കോട്ടയത്തെ പളളി.