താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ചെടുത്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നടൻ ടിനി ടോമിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ഫോട്ടോയ്ക്ക് കീഴിലായി നിരവധി പേരാണ് സംഘടനയോടും സംഘടനയിലെ അംഗങ്ങളോടും തങ്ങൾക്കുള്ള എതിർപ്പ് ശക്തമായ ഭാഷയിൽ പ്രകടിപ്പിക്കുന്നത്. 'അമ്മ' എന്ന സംഘടനയുടെ പേര് മാറ്റണമെന്നും സംഘടനയ്ക്ക് നട്ടെല്ലില്ലെന്നും ഇതിൽ ചിലർ പറയുന്നത്.
'അമ്മ' എന്ന നാമത്തെ സംഘടന കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇന്നലെ നടന്നത് 'കോമഡി മീറ്റ്' ആണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. ഒപ്പം, ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി ഉണ്ടാകാതിരുന്നതിനെയും നിരവധി പേർ വിമർശിക്കുന്നുണ്ട്.
ബംഗളുരു ലഹരിമരുന്ന് കേസുമായി പങ്കുള്ള ബിനീഷ് കോടിയേരിക്കെതിരെ നടപടി സ്വീകരിക്കാത്തതിലും ഇവർ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ കൊച്ചി 'ഹോളിഡേ ഇൻ'' ഹോട്ടലിൽ വച്ചായിരുന്നു അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്. മോഹൻലാൽ, ടിനിടോം, ബാബുരാജ്, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും ഇന്നലെ മോഹൻലാൽ അംഗീകരിച്ചിരുന്നു. ഈ നിലപാടിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് നടൻ സിദ്ദിഖ് രംഗത്തുവരികയും ചെയ്തു. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടൻ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.
എന്നാൽ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷ് പറഞ്ഞു. തുടർന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിദ്ദിഖ്.
എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും ബിനീഷിനെതിരെ നടപടിയെടുക്കുന്നതില്‍ ശക്തമായ വിയോജിപ്പാണ് യോഗത്തില്‍ അറിയിച്ചിരുന്നു. വനിതാ അഭിനേതാക്കൾ അടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബിനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിൽ നിന്നും രാജി ആവശ്യപ്പെണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് നൽകിയ രാജി 'അമ്മ' സ്വീകരിച്ചിരുന്നു.